
പെരിന്തൽമണ്ണയിൽ പി.ഷാജിക്ക് സാദ്ധ്യത
പെരിന്തൽമണ്ണ: നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് പി.ഷാജിക്ക് സാദ്ധ്യത. നഗരസഭ ചെയർമാൻ സ്ഥാനം ഇത്തവണ എസ്.സി ജനറൽ സംവരണമാണ്. 18-ാം വാർഡ് തെക്കേക്കരയിൽ നിന്നാണ് ഷാജി വിജയിച്ചത്. കഴിഞ്ഞ രണ്ട് കൗൺസിലുകളിൽ ഇടുക്കുംമുഖത്തുനിന്നും കൗൺസിലറായ കെ.സുന്ദരനെയായിരുന്നു പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് കണ്ടുവച്ചിരുന്നത്. എന്നാൽ ഒമ്പതാംവാർഡ് ഇത്തവണ വനിതാസംവരണമായതിനാൽ കുമരംകുളത്ത് മത്സരിച്ച സുന്ദരൻ യു.ഡി.എഫ് സ്ഥാനാർത്ഥി ജിതേഷിനോട് പരാജയപ്പെട്ടു. ഇതോടെയാണ് ഷാജിക്ക് ചെയർമാൻ സ്ഥാനം ഉറപ്പായത്. എസ്.എഫ്.ഐ മുതൽ പാർട്ടിരംഗത്ത് പ്രർത്തിച്ചുവരുന്ന ഷാജി ഡി.വൈ.എഫ്.ഐയുടെ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ്, സി.പി.എം പാതായ്ക്കര എൽ.സി മെമ്പർ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. പെരിന്തൽമണ്ണ അർബൻബാങ്ക് പുലാമന്തോൾ ശാഖയിലെ ജീവനക്കാരൻ കൂടിയാണ്.
വളാഞ്ചേരിയിൽ അഷ്റഫ് അമ്പലത്തിങ്ങൽ 
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ മുസ്ലിം ലീഗിന്റെ അഷ്റഫ് അമ്പലത്തിങ്ങൽ ചെയർമാനാകും. നഗരസഭയിൽ ചെയർമാൻ സ്ഥാനാർത്ഥിയായി അഷ്റഫിനെ ഉയർത്തിക്കാണിച്ചാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മന്ത്രി കെ.ടി. ജലീലിന്റെ വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന ടി.പി. മൊയ്തീൻകുട്ടിയെ പരാജയപ്പെടുത്തിയാണ് അഷ്റഫ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ മുസ്ലിം ലീഗ് വളാഞ്ചേരി നഗരസഭ പ്രസിഡന്റായിരുന്നു. ഈ സ്ഥാനം രാജിവച്ചാണ് അദ്ദേഹം കന്നി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, യൂത്ത് ലീഗ് കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റ്, എട്ട് വർഷത്തോളം വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മലപ്പുറത്ത് മുജീബ് കാടേരിക്ക് സാദ്ധ്യത
മലപ്പുറം നഗരസഭയിൽ മുജീബ് കാടേരി നഗരസഭ ചെയർമാനാവാൻ സാദ്ധ്യത.യുവജന രാഷ്ട്രീയ പ്രവർത്തന രംഗത്ത് മലപ്പുറം നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. നിലവിൽ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
വനിതകളിൽ ആരാവും
മഞ്ചേരി: കോടതിവിധിയുടെ പശ്ചാത്തലത്തിൽ മഞ്ചേരിയുടെ അദ്ധ്യക്ഷ പദവി ഇത്തവണയും അലങ്കരിക്കുക വനിതാ സാരഥിയാവുമെന്നുറപ്പിച്ചതോടെ ഭരണം നിലനിറുത്തിയ യു.ഡി.എഫിൽ ചർച്ചകൾ സജീവമായി. മുസ്ലിം ലീഗിനാണ് ഇത്തവണയും അദ്ധ്യക്ഷ പദവി. കഴിഞ്ഞ തവണ ചെയർപെഴ്സണായ വി.എം. സുബൈദയ്ക്ക് തന്നെയാണ് ഇത്തവണയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ചുള്ളക്കാട് വാർഡിൽ നിന്നാണ് വി.എം സുബൈദ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മംഗലശ്ശേരിയിൽ നിന്ന് വിജയിച്ച വല്ലാഞ്ചിറ പാത്തുമ്മയുടെ പേരും ഒരു വിഭാഗം ഉയർത്തിക്കാണിക്കുന്നുണ്ട്.
പരപ്പനങ്ങാടിയിൽ ചരടുവലി
പരപ്പനങ്ങാടി : യു.ഡി.എഫ് വിജയം കണ്ട പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത് രണ്ടുപേർ. കിഴക്കൻ മേഖലയിൽ നിന്ന് ജയിച്ച എ. ഉസ്മാനായുംപടിഞ്ഞാറൻ മേഖലയിൽ നിന്ന് ജയിച്ച പി.പി. ഷാഹുൽ ഹമീദിനായും വിവിധ വിഭാഗങ്ങൾ രംഗത്തുണ്ട്. യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന ഹാഫിസ് മുഹമ്മദ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്വം സൂക്ഷ്മ പരിശോധനയിൽ തള്ളിയതോടെ യു.ഡി.എഫിനു ചെയർമാൻ സ്ഥാനാർത്ഥി ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞു മുസ്ലീം ലീഗിന് സ്വന്തമായി 26 സീറ്റ് കിട്ടിയതോടെ ചെയർമാനായുള്ള ചർച്ച ചൂടുപിടിച്ചു . ഇതിനിടയിലാണ് കിഴക്കൻ മേഖലയും പടിഞ്ഞാറൻ മേഖലയും ചരടുവലി തുടങ്ങിയത്. പുത്തൻ കടപ്പുറം ഡിവിഷനിൽ നിന്നാണ് ഷാഹുൽ ഹമീദ് ജയിച്ചത് . എ.ഉസ്മാൻ കിഴക്കൻ മേഖലയിലെ ഉള്ളണം ഡിവിഷനിൽ നിന്നും . കഴിഞ്ഞ ഭരണസമിതിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു ഉസ്മാൻ . ഷാഹുൽ ഹമീദ് ആദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത് . അതേസമയം ചെയർമാൻ സ്ഥാനം യു.ഡി.എഫ് കമ്മിറ്റി കൂടി തീരുമാനിക്കുമെന്ന് മുനിസിപ്പൽ യു.ഡി.എഫ് കൺവീനർ സി. അബ്ദുറഹ്മാൻ കുട്ടി പറഞ്ഞു
പരിഗണനയിൽ ശിവദാസനും സുരേഷും
പൊന്നാനി നഗരസഭയിൽ ഇത്തവണ ചെയർമാൻ സ്ഥാനം എസ്.സി ജനറൽ സംവരണമാണ്. രണ്ടുപേരെയാണ് പാർട്ടി പരിഗണിക്കുന്നത്. 44-ാം വാർഡിൽ നിന്ന് ജയിച്ച ശിവദാസൻ ആറ്റുപുറത്ത് , 28-ാം വാർഡിൽ നിന്ന് ജയിച്ച വി.പി സുരേഷ് എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. 30 വർഷത്തിലേറെ നഗരസഭ ഉദ്യോഗസ്ഥനായി ജോലി ചെയ്ത ആളാണ് ശിവദാസൻ ആറ്റുപുറത്ത് . സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പൊന്നാനിയിലെ ഓഫീസിൽ പ്രവർത്തിച്ചിരുന്നയാളാണ് സുരേഷ്.
രണ്ടിൽ ഒരാൾ
യു.ഡി.എഫിന്റെ കോട്ടയായ നിലമ്പൂരിൽ ആദ്യമായി ചരിത്രവിജയം കൊയ്തതിന്റെ വിജയാഹ്ളാദത്തിലാണ് സി.പി.എം. നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് സീനിയർ നേതാവായ മാട്ടുമ്മൽ സലീം , കക്കാടൻ റഹീം എന്നിവരാണ് പരിഗണനയിലുള്ളത്. മാട്ടുമ്മൽ സലീം ആദ്യമായാണ് നഗരസഭയിലേക്ക് മത്സരിക്കുന്നത്. നേരത്തെ നിലമ്പൂർ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിട്ടുള്ളയാളാണ് കക്കാടൻ റഹീം.
ബുഷ്റ ഷബീർ പരിഗണനയിൽ , പക്ഷേ...
കോട്ടയ്ക്കലിൽ ചെയർമാൻ സ്ഥാനം ഇപ്രാവശ്യം വനിതാസംവരണമാണ്. മുൻവൈസ് ചെയർപേഴ്സൺ ബുഷ്റ ഷബീറിനാണ് സാദ്ധ്യത. ഗ്രൂപ്പ് വഴക്ക് ശക്തമായ ഇവിടെ മറ്റു പേരുകൾ ഉയർന്നുവരാനും സാദ്ധ്യതയുണ്ട്.
ഐ.പി സീനത്ത് പരിഗണനയിൽ
തിരൂരിൽ പതിനാറാം വാർഡിൽ നിന്നും വിജയിച്ച ഐ.പി. സീനത്തിന്റെ പേരാണ് പുതിയ ചെയർപേഴ്സൺ ശക്തമായി ഉയരുന്നത്.