
മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല ഉലയാതെ നിന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
പതിനാറ് നിയമസഭാ മണ്ഡലങ്ങളിലെ 94 പഞ്ചായത്തുകളിൽ 73 ഇടങ്ങളിൽ യു.ഡി.എഫും പന്ത്രണ്ടിടത്ത് എൽ.ഡി.എഫുമാണ്. തവനൂർ, പൊന്നാനി, നിലമ്പൂർ, താനൂർ എന്നീ നാലു നിയോജക മണ്ഡലങ്ങളാണ് എൽ.ഡി.എഫിന്റെ കൈവശമുള്ളത്. ഇതിൽ താനൂരിൽ ഒഴികെ മറ്റിടങ്ങളിലെല്ലാം ഇടത് ആധിപത്യം നിലനിറുത്തി. താനൂർ നഗരസഭയും അഞ്ച് പഞ്ചായത്തുകളും യു.ഡി.എഫ് നിലനിറുത്തി. താനൂർ നഗരസഭയിൽ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
ലീഗിന്റെ മഞ്ഞളാംകുഴി അലി വിജയിച്ച പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ ഇടതുമുന്നണി വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകളിൽ രണ്ടെണ്ണത്തിലും പെരിന്തൽമണ്ണ നഗരസഭയിലും വിജയിച്ചു. കോൺഗ്രസിന്റെ കോട്ടയായിരുന്ന നിലമ്പൂർ നിയോജകമണ്ഡലത്തിലെ പോത്തുകല്ലിലും നിലമ്പൂർ നഗരസഭയിലും എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. ഏഴ് പഞ്ചായത്തുകളിലും മുന്നേറ്റമുണ്ടായിട്ടുണ്ട്. മറ്റ് നിയോജകമണ്ഡലങ്ങളിലെല്ലാം ഒറ്റപ്പെട്ട ഇടങ്ങളിലാണ് എൽ.ഡി.എഫിന്റെ വിജയം.