legue

മലപ്പുറത്ത് നിന്ന് പലതും പഠിക്കാനുണ്ട് കോൺഗ്രസിന്. കേരളമൊട്ടാകെ വീശിയ ഇടതുകാറ്റിൽ പലയിടങ്ങളിലും യു.ഡി.എഫ് നിലംപരിശായപ്പോൾ മലപ്പുറം പച്ചക്കോട്ടയായി ഉറച്ചുനിന്നു. മുസ്‌ലിം ലീഗിന്റെ കോട്ടകളിൽ ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ചോർച്ച സംഭവിച്ചത് ഭൂരിഭാഗവും കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്നാണ്. 94 പഞ്ചായത്തുകളിൽ 73 ഇടത്തും യു.ഡി.എഫ് വിജയിച്ചു.18 ഇടങ്ങളിലാണ് ചെങ്കൊടി പാറിയത്. മൂന്നിടങ്ങളിൽ ഇടത് പിന്തുണയിൽ ജനകീയ വികസനമുന്നണിയും. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ പന്ത്രണ്ടിടങ്ങളിൽ യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫും. സിറ്റിംഗ് ബ്ലോക്കുകളാണ് എൽ.ഡി.എഫ് നിലനിറുത്തിയത്. ജില്ലാ പഞ്ചായത്തിൽ 32 ഡിവിഷനുകളിൽ 27 എണ്ണം യു.ഡി.എഫ് അഞ്ചെണ്ണം എൽ.ഡി.എഫ് എന്ന കഴിഞ്ഞ തവണത്തെ ലീഡ് നില തന്നെ നിലനിറുത്തി.

കഴിഞ്ഞ തവണ സാമ്പാർ മുന്നണിയുടെ കരുത്തിൽ 35 പഞ്ചായത്തുകളിൽ എൽ.ഡി.എഫും രണ്ടിടങ്ങളിൽ ജനകീയ വികസന മുന്നണിയും ഭരിച്ചിരുന്നു. ചരിത്രത്തിലാദ്യമായി 57 പഞ്ചായത്തുകളിലേക്ക് യു.ഡി.എഫ് കൂപ്പുകുത്തി. കോൺഗ്രസ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡ‌ി.പി തുടങ്ങി വ്യത്യസ്ത ധ്രുവങ്ങളിലുള്ളവരെ ഇടതിന്റെ നേതൃത്വത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ ഒരുമിപ്പിച്ചാണ് സാമ്പാർ മുന്നണിയുണ്ടാക്കിയത്. ലീഗിന്റെ വല്യേട്ടൻ മനോഭാവമാണ് കോൺഗ്രസിനെ ഈ പാളയത്തിലെത്തിച്ചത്. മുന്നണിക്കുള്ളിലെ അനൈക്യം പരിഹരിക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ 2015ൽ യു.ഡി.എഫിനെ കാത്തിരുന്നത് മുമ്പൊന്നും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള തോൽവിയും. ചരിത്രനേട്ടവുമായി ഇടതുപക്ഷം മുന്നേറി. തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട കോൺഗ്രസും ലീഗും പ്രാദേശിക നേതൃത്വങ്ങളുമായി മാരത്തോൺ ചർച്ചകൾ നടത്തിയതിന് പിന്നാലെ സാമ്പാർ കൂട്ടുകെട്ട് എവിടെയും അഞ്ചുവർഷം തികച്ചില്ല. നേതാക്കളും മെമ്പർമാരും തിരിച്ച് യു.ഡ‌ി.എഫ് ക്യാമ്പിലെത്തി. ഐക്യം പുനഃസ്ഥാപിച്ചെന്ന് ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ ആവർത്തിച്ച് വ്യക്തമാക്കി. 2010ലെ മലപ്പുറം തൂത്തുവാരിയുള്ള വിജയം ആവർത്തിക്കുമെന്ന പ്രഖ്യാപനവും നടത്തി. സർക്കാരിനെതിരെ ആരോപണശരങ്ങൾ ഉയർന്നതും യു.ഡി.എഫിൽ പുറമേക്ക് കൂടുതൽ ഐക്യം പ്രകടമായതും ഈ ആത്മവിശ്വാസത്തിന് ശക്തിയേകി. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർട്ടിയുടെ പിന്തുണ ചെറിയ വോട്ടുകൾ നിർണായകമായ വാർഡുകളിൽ തുണയ്ക്കുമെന്നും കണക്കുകൂട്ടി.

ആപ്പായി വെൽഫെയ‌ർ ബന്ധം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലാണ് ബദ്ധവൈരികളായിരുന്ന വെൽഫെയർ പാർട്ടിയുമായി മുസ്ലിം ലീഗ് അടുത്തത്. ഈ ബന്ധത്തിന് ചുക്കാൻ പിടിച്ചത് രാഷ്ട്രീയ ചാണക്യൻ പി.കെ.കുഞ്ഞാലിക്കുട്ടിയും. വെൽഫെയർ ബന്ധത്തെ തുടക്കം മുതൽ പരസ്യമായി എതിർക്കുന്ന കെ.പി.സി.സി അദ്ധ്യക്ഷന്റെ നിലപാടിനോട് ചേർന്ന സ്വരമാണ് മലപ്പുറത്തെ ഡി.സി.സി നേതാക്കളും പുലർത്തിയത്. ഈ ബന്ധത്തെ ചൊല്ലി ജില്ലാ യു.ഡി.എഫിൽ ഭിന്നസ്വരങ്ങളുണ്ടായി. പിന്തുണയ്ക്ക് പരോപകാരമായി മുസ്‌ലിം ലീഗ് തങ്ങളുടെ ഏതാനും സീറ്റുകൾ വെൽഫെയർ പാർട്ടിക്ക് നൽകിയപ്പോൾ ഈ ആവശ്യം യു.ഡി.എഫ് യോഗത്തിനിടെ കോൺഗ്രസ് നിരാകരിച്ചു. വെൽഫെയർ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പലവട്ടം പരസ്യമായി പ്രഖ്യാപിച്ചു. മുന്നണിക്കുള്ളിലെ ഭിന്നസ്വരങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നതിൽ ലീഗിനുള്ളിലും അമർഷമുയർന്നു. തിരഞ്ഞെടുപ്പിന്റെ അവസാനം വരെ ഈ വാക്പോര് നീണ്ടുനിന്നു. കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിറുത്തിയായിരുന്നു വെൽഫെയർ ഇതിനോട് പകവീട്ടിയത്. ചെറിയ വോട്ടുകൾ നിർണായകമായതും ഇടതിന് കൂടുതൽ സാദ്ധ്യതയുമുള്ള സീറ്റുകളിലായിരുന്നു സ്ഥാനാർത്ഥികൾ. ഫലത്തിൽ ഒരുപക്ഷത്ത് ലീഗിനൊപ്പം നിൽക്കുകയും മറുപക്ഷത്ത് എൽ.ഡി.എഫിനെ പരോക്ഷമായി സഹായിക്കുന്ന നിലപാടും വെൽഫെയർ പാർട്ടി സ്വീകരിച്ചു.

ബന്ധം മുഴച്ച് തന്നെ

കോൺഗ്രസ്- ലീഗ് ബന്ധം കൂടുതൽ ശക്തമായതായി നേതൃത്വങ്ങൾ അവകാശപ്പെട്ടപ്പോഴും ചിലയിടങ്ങളിൽ താഴേത്തട്ടിൽ ഇത് പ്രകടമല്ലായിരുന്നു. ഇവിടങ്ങളിൽ കോൺഗ്രസ് വിമതരെയും മറ്റും ഉൾപ്പെടുത്തിയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി അടവ് സി.പി.എം പരീക്ഷിച്ചു. 2015ൽ നേടിയ പഞ്ചായത്തുകളുടെ എണ്ണം നിലനിറുത്താൻ ഇതു സഹായമായി. ലീഗ് വോട്ടുകൾ ലീഗ് സ്ഥാനാർത്ഥികൾ തന്നെ പെട്ടിയിലാക്കിയപ്പോൾ കോൺഗ്രസ് വോട്ടുകൾ ഇടത് പെട്ടിയിലും വീണു. കോൺഗ്രസ് മത്സരിച്ച സ്ഥലങ്ങളിലാണ് കാലുവാരൽ കൂടുതൽ പ്രകടമായതെന്നത് കോൺഗ്രസിന്റെ നില തീർത്തും പരുങ്ങലിലാക്കി. തദ്ദേശതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ ലീഗിന് യാതൊരു കോട്ടവുമില്ലെങ്കിൽ കോൺഗ്രസിന് വലിയ പ്രഹരമാണ് ഏറ്റത്. ഗ്രൂപ്പുകളിയും സ്ഥാനാർ‌ത്ഥി മോഹികളുടെ ചരടുവലിയും വോട്ട് ചോർച്ചയ്ക്ക് ആക്കംകൂട്ടിയപ്പോൾ സിറ്റിംഗ് സീറ്റുകളിലടക്കം കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയമറിഞ്ഞു. മലപ്പുറത്തെ കോൺഗ്രസിന്റെ മുഖമായ ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ സമീപകാല ചരിത്രത്തിലാദ്യമായി കോൺഗ്രസ് ഭരണസമതി നിലംപതിച്ചു. കാര്യമായ വേരോട്ടമില്ലാത്ത നിലമ്പൂരിൽ കോൺഗ്രസ് അനുഭാവികളെ സ്ഥാനാർത്ഥികളാക്കിയുള്ള പി.വി.അൻവർ എം.എൽ.എയുടെ അടവ് ഫലിച്ചു. കോൺഗ്രസുകാർ തന്നെ പാർട്ടി സ്ഥാനാർത്ഥികളുടെ കാലുവാരി. യു.ഡ‌ി.എഫിൽ പരസ്പരം കുതികാൽവെട്ട് നടത്തിയപ്പോൾ മുസ്‌ലിം ലീഗിന് സാന്നിദ്ധ്യമില്ലാത്ത മലപ്പുറത്തെ ഏക നഗരസഭയായി നിലമ്പൂർ മാറി. ലീഗിലെ പ്രമുഖന്റെ ആശീർവാദം പി.വി അൻവറിന് പിന്നിലുണ്ടെന്നത് പരസ്യമായ രഹസ്യവുമായി. പ്രളയബാധിതർക്ക് വിതരണം ചെയ്യാനായി രാഹുൽഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റുകൾ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഴുവരിച്ച് നശിച്ചത് വോട്ടാക്കി മാറ്റാൻ ഇടതിന് വലിയ പ്രയാസവുമുണ്ടായില്ല. ആര്യാടന്മാരുടെ അപ്രമാധിത്വത്തിനെതിരെ നിലമ്പൂരിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കിടയിലെ അതൃപ്തിയും ഇടതിന് സഹായകമായി.

അടിക്കല്ലിളകി കോൺഗ്രസ്

പാർട്ടിയേക്കാൾ സ്വന്തം താത്പര്യത്തിനും നിലപാടുകൾക്കും കോൺഗ്രസ് നേതാക്കളും അണികളും പ്രാധാന്യമേകിയതോടെ മലപ്പുറത്തെ അവശേഷിക്കുന്ന അടിത്തറയും ഇളകിയിട്ടുണ്ട്. പാര പണിതത് സ്വന്തം പാളയത്തിൽ നിന്ന് തന്നെയാണെന്നത് കോൺഗ്രസ് ദയനീയമായി തോറ്റയിടങ്ങളിലെല്ലാം പകൽപോലെ വ്യക്തവുമാണ്. പിന്നിൽ നിന്ന് കുത്തിയവരെ തിരിച്ചറിഞ്ഞാലും പാർട്ടി നടപടിയെടുക്കില്ലെന്ന മുൻ അനുഭവങ്ങളാണ് ഒറ്റുകാരുടെ ശക്തി. മലപ്പുറത്ത് കോൺഗ്രസ് കൂടുതൽ ക്ഷയിച്ചതോടെ ഇനി ലീഗിന്റെ വല്യേട്ടൻ ഭാവം കോൺഗ്രസിന് നിർബാധം അംഗീകരിച്ച് കൊടുക്കേണ്ടി വരും. മറുത്ത് ശബ്ദമുയർത്താൻ പോലുമുള്ള ശേഷി കോൺഗ്രസിനില്ല. കോൺഗ്രസ് വിജയിച്ച ഇടങ്ങളിൽ തങ്ങളുടെ ചിട്ടയാർന്ന പ്രവർത്തനമാണ് തുണച്ചതെന്ന വികാരം ലീഗ് നേതൃത്വത്തിനിടയിലും ശക്തമാണ്. ഒറ്റടയിക്ക് ഇതു തള്ളിക്കളയാൻ കോൺഗ്രസിനുമാവില്ല. താഴേത്തട്ടിൽ നിർജ്ജീവമായിട്ടുണ്ട് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആറുമാസം മുമ്പ് തന്നെ മുസ്‌ലിം ലീഗ് പ്രവർത്തനം തുടങ്ങിയപ്പോൾ കോൺഗ്രസ് എണീറ്റുവന്നത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും. താഴേത്തട്ടിൽ ആൾക്കൂട്ടമല്ലാതെ വ്യക്തമായ ആസൂത്രണത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ടത് ചുരുക്കം ഇടങ്ങളിൽ മാത്രം. ലീഗ് തങ്ങളുടെ സ്ഥാനാർത്ഥികളുടെ വിജയത്തിന് കോൺഗ്രസിനെ കാത്തുനിന്നില്ല. എന്നാൽ കോൺഗ്രസിന് തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി ലീഗിന് വേണ്ടി പണിയെടുക്കേണ്ടിയും വന്നു. യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിച്ച ഇടങ്ങളിലടക്കം ഇതായിരുന്നു കാഴ്ച്ച. കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി ആത്മാർത്ഥമായി ലീഗ് പ്രവർത്തിക്കുമോയെന്ന് സംശയമുന്നയിക്കുന്ന കോൺഗ്രസ് പ്രവർത്തകർ പക്ഷേ സ്വന്തം സ്ഥാനാർത്ഥികൾക്കായി രംഗത്തുവന്നതുമില്ല. തദ്ദേശതിരഞ്ഞെടുപ്പിന്റെ അലയൊലികൾ തീരുമ്പോൾ ഒരുകാര്യം ഉറപ്പിച്ച് പറയാം. പച്ചയുടെ കരുത്തിൽ മലപ്പുറം ഇളയിയിട്ടില്ല. ഉലഞ്ഞത് കോൺഗ്രസും നേട്ടമുണ്ടാക്കിയത് ഇടതുമാണ്.