
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ അധികാര ചിത്രം വ്യക്തമായതോടെ ഇനി അദ്ധ്യക്ഷന്മാരെ കണ്ടെത്താനുള്ള തിരക്കിലാണ് പാർട്ടികൾ. ഈ മാസം 28നകം മുനിസിപ്പാലിറ്റികളിലും 30നകം പഞ്ചായത്തുകളിലും ഭരണസമിതികൾ ചുമതലയേൽക്കേണ്ടതുണ്ട്. അദ്ധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് പലരും സമ്മർദ്ദ തന്ത്രങ്ങളുമായി രംഗത്തുണ്ട്. സംവരണ ഇടങ്ങളിൽ മാത്രമാണ് തള്ളിക്കയറ്റം വലിയ തോതിൽ ഇല്ലാത്തത്.
അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ച് മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ധാരണയായ ശേഷമാണ് പാർട്ടികൾ തിരഞ്ഞെടുപ്പിലേക്ക് കടന്നത്. യു.ഡി.എഫിൽ പലയിടങ്ങളിലും ആദ്യ രണ്ടര വർഷം മുസ്ലിം ലീഗും ശേഷിക്കുന്ന കാലയളവ് കോൺഗ്രസും ഭരിക്കും. ഇതിൽ ആദ്യം ആർക്കെന്നത് സംബന്ധിച്ചാണ് ചർച്ച. അംഗബലത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ലാത്തിടങ്ങളിൽ സമവായം ഉണ്ടാക്കുകയെന്നത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങൾക്കിടയിൽ വെല്ലുവിളിയാണ്.പഞ്ചായത്തുകളിലും നഗരസഭകളിലും കഴിഞ്ഞ തവണത്തെ നില തുടരാനാണ് സാദ്ധ്യത.
അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഒന്നിലധികം പേരെ കണ്ടെത്തിയാണ് സി.പി.എം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാവുന്ന ഒന്നിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നാവും അന്തിമപട്ടിക തയ്യാറാക്കുക. ഇത്തരത്തിൽ കണ്ടെത്തിയവരിൽ ആരെങ്കിലും പരാജയപ്പെട്ട ഇടങ്ങിൽ ആരെ പരിഗണിക്കണമെന്നത് തീരുമാനിക്കപ്പെടേണ്ടതുണ്ട്. മുനിസിപ്പൽ അദ്ധ്യക്ഷന്മാരെ ജില്ലാ കമ്മിറ്റിയും പഞ്ചായത്തുകളിലേത് ഏരിയ കമ്മിറ്റിയുമാണ് തീരുമാനിക്കുക. സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അടുത്ത ആഴ്ച്ച ചേരും.
സറീനയോ റഫീഖയോ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുസ്ലിം ലീഗിനുള്ളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.
വനിതാ സംവരണമാണ് ഇത്തവണ. കഴിഞ്ഞ തവണ എസ്.സി സംവരണമായിരുന്നു. തുടർച്ചയായി സംവരണം നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തത്സ്ഥിതി തുടരാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
വെള്ളിമുക്കിൽ നിന്ന് വിജയിച്ച വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ്, ആനക്കയത്ത് നിന്ന് വിജയിച്ച പുലാമന്തോൾ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ. റഫീഖ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
സറീന വഹാബിനായി വനിതാ ലീഗ് രംഗത്തുണ്ട്. അതേ സമയം ഭരണമികവ് കൊണ്ട് ശ്രദ്ധേയയാണ് എം.കെ റഫീഖ .
ചോക്കാട് ഡിവിഷനിൽ നിന്ന് വിജയിച്ച മുതിർന്ന നേതാവ് ഇസ്മായിൽ മൂത്തേടം വൈസ് പ്രസിഡന്റായേക്കും.
കോൺഗ്രസും വൈസ് പ്രസിഡന്റ് സ്ഥാനത്തിന് സമ്മർദ്ദവുമായി രംഗത്തുണ്ട്. കഴിഞ്ഞ തവണയും ഈ ആവശ്യം കോൺഗ്രസ് ഉയർത്തിയിരുന്നെങ്കിലും ലീഗ് വഴങ്ങിയിരുന്നില്ല . പകരം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം കൂടി നൽകുകയായിരുന്നു. കോൺഗ്രസിന് രണ്ട് സ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷന്മാരെയാവും ലഭിച്ചേക്കുക.
അടുത്ത ആഴ്ചയോടെ മാത്രമേ അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടങ്ങൂ
ഇ.എൻ. മോഹൻദാസ് ,
സി.പി.എം ജില്ലാ സെക്രട്ടറി
മെമ്പർമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമേ അദ്ധ്യക്ഷ പദവി സംബന്ധിച്ച ചർച്ച നടത്തൂ
വി.വി.പ്രകാശ്
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്