മേലാറ്റൂർ: എടയാറ്റൂരിന് ആഘോഷമായി അച്ഛന്റെയും മകന്റെയും വിജയം. എടയാറ്റൂരിലെ പാലത്തിങ്ങൽ ഉസ്മാൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ചെമ്മാണിയോട് ഡിവിഷനിൽ നിന്നും മകൻ ഹിഷാം മേലാറ്റൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് എടയാറ്റൂരിൽ നിന്നുമാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ചത്.
പഞ്ചായത്ത് ഒന്നാംവാർഡിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചത് ഉസ്മാനെ. യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്ന ആവശ്യത്തെ തുടർന്ന് പിന്മാറി. പകരം സ്ഥാനാർത്ഥിയായതാവട്ടെ മകൻ ഹിഷാമും. പിന്നീട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പാലത്തിങ്ങൽ മുജീബിന്റെ ഡമ്മിയായി ഉസ്മാൻ പത്രിക സമർപ്പിച്ചു. സൂക്ഷ്മപരിശോധനയിൽ മുജീബിന്റെ പത്രിക തള്ളിയതോടെ ഉസ്മാന് നറുക്ക് വീണു.