എടപ്പാൾ: എം.ബി. ഫൈസൽ വട്ടംകുളം പഞ്ചായത്തിൽ പരാജയപ്പെട്ടത് സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി ചർച്ച ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി കണ്ടുവച്ചത് എം.ബി. ഫൈസലിനെയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നഎം.ബി. ഫൈസലിനെ പഞ്ചായത്തിലേക്ക് മത്സരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്. എന്നാൽ 11 വോട്ടിന് എം.ബി. ഫൈസൽ പരാജയപ്പെട്ടു. പാർട്ടിക്കുള്ളിലെ ഏറെ കാലമായുള്ള അസംതൃപ്തിയാണ് തോൽവിക്ക് കാരണമെന്നാണ് പൊതുവിലയിരുത്തൽ. ഏരിയാ കമ്മിറ്റിയിൽ ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് സൂചനയുണ്ട്. നേരത്തെ ഫൈസലിന്റെ സഹോദരൻ മുസ്തഫയായിരുന്നു പ്രസിഡന്റ്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് മുസ്തഫ പാർട്ടി ഏരിയാ സെക്രട്ടറിയായി.
മന്ത്രി കെ.ടി.ജലീലുമായുള്ള ഇവരുടെഅടുത്ത ബന്ധത്തിലും ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. മന്ത്രിയുടെ തന്നിഷ്ടങ്ങൾക്ക് ഇവർ കൂട്ടുനിൽക്കുന്നെന്നായിരുന്നു പാർട്ടിക്കുള്ളിലെ ആരോപണം. ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളിൽ സി.പി.എം. വോട്ടുകൾ ഇടറാതെ നിന്നപ്പോൾ വട്ടംകുളത്തും കാലടിയിലും ഉണ്ടായ പരാജയം പാർട്ടി വിശദമായി പരിശോധിക്കും.
പഞ്ചായത്തിലേക്ക് രണ്ടാംവട്ടം മത്സരിച്ച് ജയിച്ച മജീദിനെ പ്രസിഡന്റാക്കാൻ ലീഗ് കമ്മിറ്റി തീരുമാനിച്ചതായി അറിയുന്നു. ഒമ്പത് സീറ്റിൽ ആറും ലീഗ് നേടി. കോൺഗ്രസ് മൂന്ന് സീറ്റിൽ ജയിച്ചു. പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് മത്സരിച്ച കോൺഗ്രസിലെ ടി.പി. മുഹമ്മദ് ബി.ജെ.പിയോട് പരാജയപ്പെട്ടു. ഡി.സി.സി. അംഗം, മുൻ വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് ടി.പി. മുഹമ്മദ്.