
താനൂർ: സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നിരവധി സ്ത്രീകളെ ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.രണ്ടായിരത്തോളം സ്ത്രീകളെ ഇയാൾ ശല്യപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
ഫേസ്ബുക്ക് മെസഞ്ചർ വഴി നാലു വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള സ്ത്രീകളെ അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തിയിരുന്നു. ഒടുവിൽ സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്താണ് യുവാവിനെ പൊലീസ് വരുത്തിയത്. പ്രതിയുടെ ഫോണിൽനിന്ന് ഫേസ്ബുക്ക് മെസഞ്ചർ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. താനൂർ സി.ഐ പി. പ്രമോദ് , സീനിയർ സിപിഒ സലേഷ് കാട്ടുങ്ങൽ, സിപിഒ വമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.