
തിരൂർ: നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിരൂർ പെരുവഴിയമ്പലത്ത് ഇന്നലെ പുലർച്ചെ രണ്ടിനാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്ന് കരുതുന്നു. എറണാകുളത്തു നിന്നും ഗ്യാസുമായി ചേളാരി ഐ.ഒ.സി.യിലേക്ക് വരികയായിരുന്നു ലോറി. വലിയ ശബ്ദം കേട്ട് ഉണർന്ന പരിസരവാസികളാണ് വിവരം പൊലീസിനേയും ഫയർഫോഴ്സിനെയും അറിയിച്ചത്. നാട്ടുകാരും തിരൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും തിരൂർ, താനൂർ പൊലീസും ട്രോമാകെയർ യൂണിറ്റുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിക്കിടയിൽ കുടുങ്ങിയ ഡ്രൈവർ ആരോഗ്യസ്വാമിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡിവൈഡർ തകർത്ത ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകട സാദ്ധ്യത ഒഴിവാക്കി.