nnnnnn

മലപ്പുറം: ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ ഭരണം നേടാൻ മുന്നണികൾ നെട്ടോട്ടത്തിലാണ്. ചെറുപാർട്ടികളും വിമതരുമാണ് ഇവിടങ്ങളിൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. യു.ഡി.എഫും എൽ.ഡി.എഫും വിമതരുമായി ചർച്ച ആരംഭിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മനസ് തുറക്കാമെന്ന നിലപാടിലാണ് വിമതർ. അഞ്ച് പഞ്ചായത്തുകളിൽ നിലവിൽ ഒരുമുന്നണിക്കും ഭൂരിപക്ഷമില്ല. മൂന്ന് പഞ്ചായത്തുകളിലെ വിധി നിർണ്ണയിക്കുക ബി.ജെ.പി കൂടിയാവും. യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യനിലയാണ് ഇവിടങ്ങളിൽ. അതേസമയം മൂന്നുപേരുള്ള ഇടങ്ങളിലെല്ലാം അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിൽ കുറവ് മെമ്പർമാരുള്ള ഇടങ്ങളിൽ വോട്ടെടുപ്പിൽ നിന്ന് മാറിനിൽക്കും.

ശക്തമായ മത്സരം നടന്ന തിരൂർ നഗരസഭയിലെ 38 വാർഡുകളിൽ യു.ഡി.എഫ് - 19, എൽ.ഡി.എഫ് - 16, എൻ.ഡി.എ - ഒന്ന് എന്ന നിലയിലാണ് കക്ഷിനില. ലീഗ്, കോൺഗ്രസ് വിമതരായി രണ്ടുപേരുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ച നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു. ഭരണം ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വിമതരുടെ പിന്തുണ കിട്ടിയാലും യു.ഡി.എഫിന്റെ കക്ഷിനിലയ്ക്ക് ഒപ്പമെത്താൻ എൽ.ഡി.എഫിനാവില്ല. ബി.ജെ.പി ആരുടെ ഒപ്പവും നിൽക്കില്ല. വിമതരുമായി ചർച്ച വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ് നേതൃത്വം. നഗരസഭ അദ്ധ്യക്ഷ സ്ഥാനം വനിതാസംവരണമാണ്. കാഞ്ഞിരക്കുണ്ട് വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നസീമ ആളത്തിൽപറമ്പിലിനാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്. ജില്ലയിലെ 12 നഗരസഭകളിൽ തിരൂരിൽ മാത്രമാണ് ഒരുമുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തത്.

ആതവനാട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ.യുടെ നിലപാട് നിർണ്ണായകമാവും. 22 അംഗ മെമ്പർമാരിൽ 11 പേർ യു.ഡി.എഫിനും 10 പേർ എൽ.ഡി.എഫിനുമുണ്ട്. എസ്.ഡി.പി.ഐ ബാനറിൽ ഒരാളും വിജയിച്ചു. എസ്.ഡി.പി.ഐ പിന്തുണ തേടില്ലെന്ന് എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയതിനാൽ ഇവിടെ യു.ഡി.എഫ് ഭരണം തുടരാനാണ് സാദ്ധ്യത.
വെളിയങ്കോട് പഞ്ചായത്തിലെ 18 അംഗങ്ങളിൽ ഒമ്പതു പേർ എൽ.ഡി.എഫ് പക്ഷത്തും എട്ട് പേർ യു.ഡി.എഫുകാരുമാണ്. ലീഗ് വിമതനായി വിജയിച്ചയാളുടെ നിലപാട് നിർണ്ണായകമാവും. ഇയാൾ ലീഗിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെയാവും ഭരണം തീരുമാനിക്കുക.

മാറഞ്ചേരിയിൽ എസ്.ഡി.പി.ഐയുടെയും ലീഗ് വിമതന്റെയും നിലപാടുകളാവും നിർണ്ണായകമാവുക. എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് എട്ടും സീറ്റുകളാണുള്ളത്. എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വാഴയൂരിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. എൻ.ഡി.എയ്ക്ക് ഒരു സീറ്റുണ്ട്. നറുക്കെടുപ്പിലൂടെയാവും ഇവിടത്തെ ഭരണസമിതിയെ തീരുമാനിക്കുക.

നന്നംമുക്കിലും യു.ഡി.എഫും എൽ.ഡി.എഫും തുല്യശക്തികളാണ്. എൻ.ഡി.എയ്ക്ക് ഒരു സീറ്റുണ്ട്. വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി മാറിനിൽക്കുന്നതോടെ ഇവിടെയും നറുക്കെടുപ്പ് വേണ്ടിവരും.

കാലങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന വട്ടംകുളം പഞ്ചായത്തിൽ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് എട്ടും സീറ്റുകളാണുള്ളത്. ഇവിടെ ബി.ജെ.പിക്ക് രണ്ട് പേരുണ്ട്. വോട്ടെടുപ്പിൽ പങ്കെടുക്കാതെ ബി.ജെ.പി മാറി നില്‌ക്കും.

എവിടെയും ഇരുമുന്നണികളെയും പിന്തുണയ്ക്കില്ല. പാർട്ടിയുടെ നയമാണിത്. ബി.ജെ.പിക്ക് മൂന്നിൽ കൂടുതൽ മെമ്പർ‌മാരുള്ള ഇടങ്ങളിലെല്ലാം അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. പൊന്നാനിയിലും ചേലേമ്പ്രയിലും മൂന്നുപേരുണ്ടെങ്കിലും അദ്ധ്യക്ഷ സ്ഥാനം വനിതാസംവരണമാണ്. ബി.ജെ.പിക്ക് വനിതാ മെമ്പർമാരില്ലെന്നതിനാൽ ഇവിടങ്ങളിലെ വോട്ടെടുപ്പിൽ നിന്ന് മാറിനിൽക്കും. പാർട്ടി മെമ്പർമാർക്ക് ഇതു സംബന്ധിച്ച് ഇന്നലെ വിപ്പ് നൽകിയിട്ടുണ്ട്.

രവി തേലത്ത്, ബി.ജെ.പി ജില്ലാ പ്രസിഡൻറ്‌

പഞ്ചായത്തുകളിൽ ഭരണസ്തംഭനമുണ്ടാക്കുന്ന രീതി സ്വീകരിക്കില്ല. എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന വികസന താത്പര്യങ്ങളോട് ചേർന്ന് നിൽക്കുന്നവരെ പിന്തുണയ്ക്കും. ഇതിന് പകരമായി പ്രത്യക സ്ഥാനങ്ങൾ കിട്ടണമെന്ന ആവശ്യം പാർട്ടിക്കില്ല. ഒരു മുന്നണിയുമായും ചർച്ച നടത്തിയിട്ടിട്ടില്ല. നേരിട്ടല്ലാതെ ഇക്കാര്യം പലരും സൂചിപ്പിക്കുന്നുണ്ട്. മെമ്പർമാരുടെ സത്യപ്രതി‌ജ്ഞയ്ക്ക് ശേഷം പിന്തുണ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യും.

സി.പി.എ ലത്തീഫ്, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻറ്‌