 
എടപ്പാൾ : എടപ്പാൾ മേൽപ്പാലം പണി അതിവേഗതയിലായി. കൊവിഡ് ഭീതിയും അന്യസംസ്ഥാന തൊഴിലാളികളുടെ അഭാവവും മൂലം അനിശ്ചിതത്വത്തിലായ പ്രവൃത്തിക്ക് ഇപ്പോൾ വേഗമേറിയിട്ടുണ്ട്. ജനുവരിയിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ ലഭിച്ച ജനവിധി നിർമ്മാണത്തിന് വേഗത കൂട്ടാൻ കാരണമായി. ജനുവരി രണ്ടാംവാരം മുഖ്യമന്ത്രി ജില്ലയിലെത്തുമ്പോൾ വിശദമായ അവലോകനമുണ്ടാവും. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഏപ്രിലിൽ ഉദ്ഘാടനം നടത്താനായേക്കുമെന്നാണ് പ്രതീക്ഷ. ഫില്ലർ പണി തൃശൂർ -കുറ്റിപ്പുറം റോഡിൽ പൂർത്തിയാക്കി കഴിഞ്ഞു. ജില്ലയിലെ ഗതാഗതക്കുരുക്കിനു തടയിടാൻ എടപ്പാൾ മേൽപ്പാലം പൂർത്തിയാക്കൽ അനിവാര്യമാണ്. മണിക്കൂറുകൾ നീളുന്ന കുരുക്കഴിക്കാൻ പദ്ധതിക്കാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.