question-paper-theft

മലപ്പുറം: കുഴിമണ്ണ ജി.എച്ച്.എസ്.എസിൽ നിന്ന് പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷാ ചോദ്യപേപ്പറുകൾ മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം വിദ്യാർത്ഥികളിലേക്കും. മോഷ്ടാവ് വിദ്യാർത്ഥിയോ അല്ലെങ്കിൽ ഇവ‌ർക്ക് വേണ്ടപ്പെട്ടവരോ ആവാമെന്നാണ് നിഗമനം. മോഷ്ടാവിനെ സംബന്ധിച്ച സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ചിത്രം വ്യക്തമാവുമെന്ന് കൊണ്ടോട്ടി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.എം. ബിജു പറഞ്ഞു.

സ്കൂളിലേയും സമീപ പ്രദേശങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു. സ്കൂളിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് മോഷ്ടാവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സ്കൂൾ കോമ്പൗണ്ടിലെത്തിയ മോഷ്ടാവ് നേരെ പ്രിൻസിപ്പലിന്റെ റൂമിന് സമീപമെത്തി അവിടെയുണ്ടായിരുന്ന ബെഞ്ചുകൾ കൂട്ടിയിട്ട് വലിയ എയർഹോളിലൂടെയാണ് റൂമിനകത്തേക്ക് കടന്നത്. കുട്ടികളുടേതിന് സമാനമായ മെലിഞ്ഞ ശരീരപ്രകൃതിയാണ്. അലമാര തകർത്താണ് ചോദ്യപേപ്പർ മോഷ്ടിച്ചത്. ഏറെ നേരം ഓഫീസിനകത്ത് തങ്ങിയെങ്കിലും മുഖവും തലയും പൂർണ്ണമായും തുണികൊണ്ട് മറച്ച നിലയിലായിരുന്നു. മോഷണത്തിൽ നേരിട്ട് ഒന്നിൽ കൂടുതൽ പേർക്ക് പങ്കില്ല. എന്നാൽ മോഷണപ്രേരണയ്ക്ക് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അക്കൗണ്ടൻസി വിത്ത് എഫ്.എസ് പരീക്ഷാ പേപ്പറിന് പുറമെ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളുടെ 30 ചോദ്യപേപ്പറുകളാണ് മോഷണം പോയത്. ഇതോടെ രണ്ട് പരീക്ഷകൾക്ക് പുറമെ 22ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് വിഷയങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

സംഭവത്തിന് പിന്നാലെ സ്‌കൂളിലെ പരീക്ഷാ ചുമതലയുള്ള ചീഫ് സൂപ്രണ്ട് ഡി. ഗീത, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ടി. മുഹമ്മദലി, കെ. മഹറൂഫ്, വാച്ച്മാൻ ടി. അബ്ദുൾ സമദ് എന്നിവരെ എച്ച്.എസ്.എസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ സ്‌കൂളിലെത്തി നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ സ്വീകരിച്ചതിലും സൂക്ഷിച്ചതിലും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. കാവൽക്കാരൻ വീട്ടിൽ പോയതിനാൽ മോഷണം നടന്നതിന് പിറ്റേദിവസമാണ് വിവരമറിഞ്ഞത്.