
ഷൊർണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഷൊർണൂർ കോൺഗ്രസിൽ പൊട്ടിത്തെറി. നഗരസഭയിലെ കനത്ത തോൽവിക്ക് കാരണം ഗ്രൂപ്പടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ്. നേതാക്കളുടെ അറിവോടെ വോട്ട് കച്ചവടം നടന്നതായി കോൺഗ്രസ് പ്രവർത്തകർ തന്നെ ആരോപിക്കുന്നുണ്ട്. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ കോൺഗ്രസിൽ വേദിയില്ലെന്നും ആക്ഷേപമുയരുന്നു. ഷൊർണൂർ, വാണിയംകുളം, പട്ടാമ്പി തുടങ്ങി കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിലൊക്കെ തന്നെ സമാന നീക്കങ്ങൾ സജീവമാണ്. വാണിയംകുളം പഞ്ചായത്തിൽ 18ൽ കോൺഗ്രസിന് ഒറ്റ സീറ്റ് പോലും നേടാനാവാതെ വട്ടപൂജ്യമായത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കുന്നു. ഷൊർണൂർ നഗരസഭയിൽ കഴിഞ്ഞ ഏഴ് സീറ്റുകൾ നിലനിറുത്തിയെന്നല്ലാതെ യാതൊരു മുന്നേറ്റവും ഉണ്ടാക്കാനായില്ല. സ്ഥാനാർത്ഥി നിർണ്ണയമാണ് തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണം. സ്ഥാനാർത്ഥി നിർണ്ണയത്തിലെ നേതാക്കളുടെ ഏകപക്ഷീയ തീരുമാനത്തിൽ മനംനൊന്ത് പല മുതിർന്ന നേതാക്കളും തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തു നിന്ന് വിട്ട് നിന്നിരുന്നു. വരുംദിവസങ്ങളിൽ വലിയ പൊട്ടിത്തെറി പാർട്ടിക്കുള്ളിലുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.