 
ആലത്തൂർ: 'നമുക്ക് ആവശ്യത്തിൽ കൂടുതലായതെന്തും അനാവശ്യമാണ്' എന്ന ഗാന്ധി വാക്യം ജീവിതത്തിൽ അന്വർത്ഥമാക്കുകയാണ് പ്രണവ്. ജന്മനാ കൈകളില്ലാത്ത തനിക്കും സൈക്കിൾ ചവിട്ടാൻ ആകുമെന്ന് തെളിയിച്ച പ്രണവിനെ കേരളീയ സമൂഹം മറക്കാൻ ഇടയില്ല. തന്റെ രണ്ട് സൈക്കിളിൽ ഒന്ന് നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് നൽകി മാതൃകയായിരിക്കുകയാണ് പ്രണവ്.
താൻ ഉപയോഗിക്കാത്ത സൈക്കിൾ അർഹതപ്പെട്ട കൈകളിൽ എത്തണമെന്ന് പ്രണവ് ആഗ്രഹിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ വീടുപണിക്കെത്തിയ തേങ്കുറിശി സ്വദേശി വിനോദിന്റെ മക്കൾക്ക് നൽകാൻ തീരുമാനിച്ചത്. പ്രണവിനു പിറന്നാൾ സമ്മാനമായി ഒരു സ്ഥാപനം സൈക്കിൾ നൽകിയിരുന്നു. മുമ്പ് ആലത്തൂർ ലയൻസ് ക്ലബ് നൽകിയ സൈക്കിൾ ചിറ്റൂർ ഗവൺമെന്റ് കോളേജിലെ ആവശ്യങ്ങൾക്ക് വേണ്ടി കോളേജിൽ തന്നെ വച്ചിരിക്കുകയായിരുന്നു. കോളേജ് പഠനം കഴിഞ്ഞപ്പോൾ ആ സൈക്കിൾ ഉപയോഗശൂന്യമായി. അതാണ് ഇപ്പോൾ വിനോദിന്റെ മക്കളായ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിഘ്നേഷിനു നൽകിയത്. കെ.ഡി.പ്രസേനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ പ്രണവ് സൈക്കിൾ കൈമാറി. ആർക്കേഡ് ബിൽഡിംഗ് ഉടമ രാജേഷ്, പ്രണവിന്റെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ല നൽകിയ സൈക്കിൾ തന്റെ പൂർവ്വ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സഞ്ജയ് എന്ന കുട്ടിക്ക് നൽകി പ്രണവ് നേരത്തെയും മാതൃകയായിരുന്നു.