
പട്ടാമ്പി: 2021 ജനുവരി 26ന് ഡൽഹിയിലെ ചെങ്കോട്ടയിൽ ത്രിവർണപ്പതാക വാനിലുയരുമ്പോൾ പട്ടാമ്പിക്കാർക്കും അഭിമാനിക്കാം. ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുക്കാൻ പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ എൻ.സി.സി കേഡറ്റായ എം.പി. ശ്രുതിയുമുണ്ടാകും. കേരളത്തിൽ നിന്ന് ഈ വർഷം 26 എൻ.സി.സി കേഡറ്റുകൾക്ക് മാത്രമാണ് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുള്ളത്.
ഒറ്റപ്പാലം 28 കേരള ബറ്റാലിയനിൽ നിന്നും സെലക്ഷൻ ലഭിച്ച ഏക കേഡറ്റാണ് ശ്രുതി.
പട്ടാമ്പി കോളേജിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ശ്രുതി മരുതൂർ പുവ്വക്കോട് മണ്ണും പള്ളിലായിൽ സുരേന്ദ്രൻ - രജനി ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. റിപ്പബ്ളിക് ദിന പരേഡ്, പ്രധാനമന്ത്രിയുടെ റാലി, സാംസ്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനായി ഡൽഹിക്ക് പുറപ്പെട്ട ശ്രുതിയെ ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ യുബി ഗുരുങ്ങ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്.കേണൽ കെ.അഷോക്കമാർ, കോളേജ് പ്രിൻസിപ്പൽ ഡോ.സജി സ്റ്റീഫൻ, അസാസിയേറ്റഡ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി. അബ്ദു, എൻസിസി യൂനിറ്റ് സീനിയേഴ്സ് എന്നിവർ അഭിനന്ദിച്ചു.