ffff
അ​രു​ത് ​അ​പ​ക​ട​മാ​ണ്:​ ​നെ​ല്ലി​യാ​മ്പ​തി​ ​സീ​താ​ർ​കു​ണ്ഡി​ലെ​ ​നെ​ല്ലി​മ​ര​ത്തി​ൽ​ ​സാ​ഹ​സി​ക​മാ​യി​ ​ക​യ​റി​ ​ചി​ത്ര​മെ​ടു​ക്കു​ന്ന​തി​നാ​യി​ ​ത​യ്യാ​റാ​യി​ ​നി​ൽ​ക്കു​ന്നു.

നെല്ലിയാമ്പതി: ദിവസവും നിരവധി വിനോദസഞ്ചാരികളെത്തുന്ന സീതാർകുണ്ട് അപകട മുനമ്പായിട്ടും മുന്നറിയിപ്പ് ബോർഡോ സംരക്ഷണ വേലിയോ കെട്ടാതെ അധികൃതർ. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ പ്രധാന കേന്ദ്രമാണ് സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലുള്ള നെല്ലിയാമ്പതിയിലെ സീതാർകുണ്ട് വ്യൂ പോയിന്റ്. പാലക്കാടിന്റെ പച്ചപ്പും, മീങ്കര, ചുള്ളിയാർ അണക്കെട്ടുകളും ഉൾപ്പെടെ കാണാൻ കഴിയുന്ന ഈ ഭാഗത്താണ് നെല്ലിയാമ്പതിയുടെ അടയാളമായ വർഷങ്ങളുടെ പഴക്കമുള്ള നെല്ലിമരമുള്ളത്. പാറക്കെട്ടിൽ നിന്ന് തള്ളിനിൽക്കുന്ന ഈ നെല്ലിമരത്തിലും, തൊട്ടു താഴെയുള്ള പാറക്കെട്ടിലും ഉൾപ്പെടെ കയറി സാഹസിക ചിത്രങ്ങളും സെൽഫിയും എടുക്കുന്നത് സഞ്ചാരികളുടെ പതിവാണ്. ഇത് നിയന്ത്രിക്കാൻ അധികൃതരോ മറ്റ് അപായസൂചനകളോ ഇവിടെ ഇല്ലെന്നത് ഗൗരവമേറിയതാണ്. 2018ലെ പ്രളയത്തിലും കനത്തമഴയിലും ഈ ഭാഗങ്ങളിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. ഇത് അപകടം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇവിടെയത്തുന്ന സഞ്ചാരികൾ പലപ്പോഴും അപകടകരമായ രീതിയിലാണ് മുനമ്പുകളിലൂടെ നടക്കുന്നതും, ചിത്രങ്ങളെടുക്കുന്നതും. സ്വകാര്യ തേയില തോട്ടത്തിനകത്തുകൂടിയാണ് സീതാർകുണ്ടിലേക്കുള്ള പ്രവേശനം. ഇവിടെയെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും മറ്റ് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അവധി ദിവസങ്ങളിൽ ആയിരത്തിലധികം സഞ്ചാരികളാണ് നെല്ലിയാമ്പതിയിലെത്തുന്നത്. അരുത് അപകടമാണ്: നെല്ലിയാമ്പതി സീതാർകുണ്ഡിലെ നെല്ലിമരത്തിൽ സാഹസികമായി കയറി ചിത്രമെടുക്കുന്നതിനായി തയ്യാറായി നിൽക്കുന്നു.

ഒരു ദിവസം നീണ്ട രക്ഷാ പ്രവർത്തനം

നെല്ലിയാമ്പതി: സീതാർകുണ്ടിലെ കൊക്കയിൽ വീണ രണ്ടുപേരെ കണ്ടെത്തുന്നതിന് രാത്രിയും പകലും നീണ്ട രക്ഷാ പ്രവർത്തനമാണ് പൊലീസും അഗ്‌നിരക്ഷാ സേനയും വനംവകുപ്പും പ്രദേശവാസികളും ചേർന്ന് നടത്തിയത്. 19 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ രണ്ടുപേരിൽ ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അധികൃതർ. ഞായറാഴ്ച വൈകിട്ട് അപകട വിവരമറിഞ്ഞപ്പോൾ തന്നെ ആലത്തൂർ ഡിവൈ.എസ്.പി. കെ.എം.ദേവസ്യ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകി. ചിറ്റൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സിന്റെയും, വനപാലകരുടെയും നേതൃത്വത്തിൽ രാത്രി തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചു. കൊല്ലങ്കോട് നെന്മേനിക്ക് സമീപമുള്ള വനമേഖലയിലാണ് ആദ്യം തെരച്ചിൽ ആരംഭിച്ചത്. പ്രദേശവാസികൾ ഉൾപ്പെടെ 24 പേരടങ്ങുന്ന സംഘമാണ് ആനയും, കാട്ടുപോത്തും ഉൾപ്പെടെയുള്ള കാട്ടിലൂടെ രാത്രി സാഹസികമായി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചെങ്കുത്തായ പാറക്കെട്ടുകളിലൂടെയും, ആനയുടെ ശല്യം ഒഴിവാക്കുന്നതിനായി പടക്കങ്ങൾ പൊട്ടിച്ചും, വഴി വെട്ടിത്തെളിച്ചുമായാണ് ഈ സംഘം സീതാർകുണ്ടിനു താഴെയുള്ള പാറക്കെട്ടിൽ എത്തിയത്. മുകളിൽ നിന്നുള്ള വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ സമീപത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് പുലർച്ചെ മൂന്നു മണിയോടെ ഇവർ തിരിച്ചിറങ്ങി. ഇതേസമയം സീതാർകുണ്ട് ഭാഗത്ത് പൊലീസും ആലത്തൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും പരിശോധന നടത്തിയതിൽ രഘുവിനെ രക്ഷിക്കാനായി. ഇന്നലെ രാവിലെ തെരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉച്ചയോടെയാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. ഫയർഫോഴ്‌സിന്റെയും സിവിൽ ഡിഫൻസ് സേനയുടെയും നേതൃത്വത്തിൽ സീതാർകുണ്ട് മലഞ്ചരിവിലൂടെ താഴെ പാറക്കെട്ടുകളിൽ നടത്തിയ പരിശോധനയിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്താനായത്. നാലു മണിക്കൂർ പ്രയത്‌നത്തിനൊടുവിൽ പാറക്കെട്ടുകളിലൂടെ സാഹസികമായാണ് മൃതദേഹം വൈകിട്ട് ആറുമണിയോടെ താഴെ വാഹനസൗകര്യമുള്ള സ്ഥലത്ത് എത്തിക്കാൻ കഴിഞ്ഞത്. ആലത്തൂർ ഡിവൈ.എസ്.പി. കെ.എം.ദേവസ്യ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, കൊല്ലങ്കോട് വനം റെയ്ഞ്ച് ഓഫീസർ കൃഷ്ണദാസ്, വടക്കഞ്ചേരി ഫയർ ഓഫീസർ ജോബി ജേക്കബ്, ആലത്തൂർ ഫയർ ഓഫീസർ എസ്.അഖിൽ, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ഫയർമാൻമാർ, സിവിൽ ഡിഫൻസ് സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തിയത്.