
മലപ്പുറം: തിരഞ്ഞെടുപ്പിൽ വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 32 ഡിവിഷനിൽ നിന്നും വിജയിച്ച അംഗങ്ങൾ രാവിലെ 10 നാണ് ചുമതലയേറ്റത്. വരണാധികാരിയായ കളക്ടർ കെ. ഗോപാലകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആതവനാട് ഡിവിഷനിൽ നിന്ന് വിജയിച്ച ഏറ്റവും മുതിർന്ന അംഗമായ ഹംസയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ഇദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിവിഷൻ അടിസ്ഥാനത്തിലായിരുന്നു സത്യപ്രതിജ്ഞ. യു.ഡി.എഫ് അംഗങ്ങൾ ദൈവനാമത്തിലും എൽ.ഡി.എഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞയുമാണ് ചെയ്തത്. പുതിയ ഭരണസമിതിയുടെ ആദ്യയോഗം മുതിർന്ന അംഗമായ ഹംസയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. രാഷ്ട്രീയ, കക്ഷി ഭേദമന്യേ ജില്ലയുടെ വികസനത്തിന് അംഗങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അടിയന്തര കേസുകളിൽ രോഗികളുമായി ആശുപത്രിയിലെത്തുമ്പോൾ കൊവിഡ് പരിശോധനാഫലം ആവശ്യപ്പെടുന്ന സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുന്നതായി അംഗം അഡ്വ.പി.വി. മനാഫ് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കൊവിഡ് ടെസ്റ്റിന്റെ പേരിൽ അടിയന്തര ചികിത്സ മാറ്റിവയ്ക്കരുതെന്ന് കർശന നിർദ്ദേശം നൽകിയതായും ഇതു ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.