
തേഞ്ഞിപ്പലം: പള്ളിക്കൽ നെടുങ്ങോട്ടുമാട് വിഷ്ണുക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി കള്ളൻ കയറി. രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. നിത്യപൂജയുള്ള അമ്പലത്തിൽ ഞായറാഴ്ച രാവിലെ അഞ്ചരയോടെ ശാന്തിക്കാരൻ ശംഭുനമ്പൂതിരി പ്രഭാതപൂജയ്ക്ക് എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. സമീപത്ത് താമസിക്കുന്ന ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ ഉടൻ വിവരം അറിയിച്ചു. ക്ഷേത്രത്തിൽ ചുറ്റമ്പലത്തിന്റെ പണി നടന്നുവരികയാണ്. ക്ഷേത്രത്തിന്റെ മുന്നിലും പിന്നിലും വടക്കുഭാഗത്തുമുള്ള വാതിലുകൾ അടഞ്ഞുതന്നെ കിടന്നിരുന്നതിനാൽ മോഷ്ടാവ് ക്ഷേത്രപരിസരത്തുണ്ടായിരുന്ന കോണി ഉപയോഗിച്ചാണ് അകത്തു കയറിയതെന്നാണ് അനുമാനം. ക്ഷേത്രത്തിനകത്ത് രണ്ട് ഭണ്ഡാരങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിലുള്ള പണം മുഴുവനായും കവർന്നു. ചെറിയ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ ക്ഷേത്രമുറ്റത്ത് കണ്ടെത്തി.