fffffff

മലപ്പുറം: കോഴിക്കോട് ജില്ലയിൽ ഷിഗല്ലെ വൈറസ് പടർന്ന പശ്ചാത്തലത്തിൽ ജില്ലയിലും ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ്. മലിനജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് രോഗം പടരുകയെന്നതിനാൽ ഇതു തടയാൻ ആശാ പ്രവർത്തകരിലൂടെ ആളുകളെ ബോധവത്കരിക്കും. കോഴിക്കോട് കോർപറേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല നിരവധി പേരിലേക്ക് പടർന്നിരുന്നു. 11 വയസുള്ള കുട്ടി മരിക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ ജാഗ്രതയിൽ രോഗവ്യാപനം തടയാനായിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ മലിനമാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കും. ഭക്ഷണ വിൽപ്പന കേന്ദ്രങ്ങളിലെ വൃത്തിയും സാഹചര്യങ്ങളും പരിശോധിക്കും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് നിലവിലെ സാഹചര്യത്തിൽ കുറയ്ക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നു. വേനൽ അടുക്കുന്തോറും ജലജന്യ രോഗങ്ങൾ ജില്ലയിൽ വർദ്ധിക്കാറുണ്ട്. മഞ്ഞപ്പിത്തമാണ് പലപ്പോഴും വെല്ലുവിളി ഉയർത്തുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽ 774 പേർ അതിസാരം ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ദിവസം ശരാശരി 100 പേർക്ക് രോഗം ബാധിക്കുന്നുണ്ട്. അതിസാര രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് മുന്നിൽ മലപ്പുറം ജില്ലയാണ്.

വേണ്ടത് ജാഗ്രത

ഷിഗല്ല വൈറസിന്റെ സാന്നിദ്ധ്യം പലയിടങ്ങളിലും ഉണ്ടാവാമെങ്കിലും അപൂർവ്വമായി മാത്രമേ ഇവയുടെ വ്യാപനമുണ്ടാവാറുള്ളൂ. കോഴിക്കോട് വെള്ളത്തിലൂടെയാണ് ഷിഗല്ല വ്യാപനം ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. മനുഷ്യ വിസർജ്ജ്യത്തിൽ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തിൽ കലരുന്നത്. വയറിളക്കം, പനി, തളർച്ച, തലവേദന തുടങ്ങിയവയാണ് ഷിഗല്ലയുടെ ലക്ഷണം. വയറിളക്കത്തോടൊപ്പം മലത്തിൽ രക്തത്തിന്റെയോ കഫത്തിന്റെയോ അംശങ്ങളുണ്ടാവാം. ഷിഗല്ല വൻകുടലിലുണ്ടാക്കുന്ന മുറിവുകളാണ് വിസർജ്യത്തിൽ രക്തത്തിന്റെ അംശമുണ്ടാവാൻ കാരണം. മറ്റ് വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് കുറച്ച് അണുജീവികൾ ഉള്ളിലെത്തിയാൽ മതി രോഗമുണ്ടാവാൻ. കൃത്യവും സമയബന്ധിതവുമായ ചികിത്സ ലഭ്യമായില്ലെങ്കിൽ രോഗം ഗുരുതരമാവും.

മലപ്പുറത്തെ സംബന്ധിച്ച് നിലവിൽ ഷിഗല്ല ഭീഷണി ഉയർത്തുന്നില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്. തട്ടുകടകളിൽ നിന്നും മറ്റും ഭക്ഷണം കഴിക്കുമ്പോൾ വൃത്തി ഉറപ്പാക്കണം. പരമാവധി പുറത്തുനിന്നുള്ള വെള്ളവും ഭക്ഷണവും ഒഴിവാക്കണം.

ഡെപ്യൂട്ടി ഡി.എം.ഒ