 
പെരിന്തൽമണ്ണ: കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിൽ വഴിമുടക്കി ബൈക്കോടിച്ച യുവാവിന്റെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.പെരിന്തൽമണ്ണ ഇരവിമംഗലം സ്വദേശി ഫായിസ് ഉമ്മറിനെതിരെയാണ് നടപടി. ശനിയാഴ്ച തൃത്താലയിൽ നിന്നും നിലമ്പൂരിലേക്ക് യാത്രചെയ്യവേ തൃത്താല സ്വദേശി ബഷീർ അഹമ്മദും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ബൊലേറയ്ക്കു മുന്നിൽ വഴി തടസപ്പെടുത്തി യാത്ര ചെയ്യുകയായിരുന്നു ഇയാൾ. പെരിന്തൽമണ്ണ പൂപ്പലം മുതൽ രണ്ടുകിലോമീറ്റർ ദൂരം വാഹനത്തിന് വഴി നൽകാതെ യാത്ര തടസ്സപ്പെടുത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒയ്ക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ് , പെരിന്തൽമണ്ണ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ബുള്ളറ്റ് ഓടിച്ചയാളെ തിരിച്ചറിഞ്ഞത്.