
യു.ഡി.എഫിനെ ശക്തിപ്പെടുത്താനെന്ന് ലീഗ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മലപ്പുറം ജില്ലയിലുൾപ്പെടെയുണ്ടായ തിരിച്ചടി, നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ കോട്ടകളിലും വിള്ളലുണ്ടാക്കിയേക്കാമെന്ന തിരിച്ചറിവിൽ പാർട്ടിയിലെ ഒന്നാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മുസ്ളിം ലീഗ് തീരുമാനം. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച വേങ്ങരയിലോ മലപ്പുറം മണ്ഡലത്തിലോ ആവും ജനവിധി തേടുക.
കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയതോടെ, മുന്നണിയിൽ ലീഗിന് മുൻപത്തെ പ്രാധാന്യം കിട്ടുന്നില്ലെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടിയെപ്പോലൊരു വിലപേശൽ ശക്തി അനിവാര്യമാണെന്നും ലീഗ് കാണുന്നു. തിരിച്ചുവരവിന് ഇതും കാരണമായി.
മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗമാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വമേകും. രാജി തീയതി തീരുമാനിച്ചിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടത്താവുന്ന തരത്തിലാവും രാജിയെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാർട്ടി തീരുമാനമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ യു.ഡി.എഫിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മജീദ് പറഞ്ഞു. ഏത് സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് പാർട്ടിയാണ് പറയുകയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രത്തിൽ യു.പി.എ അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ടായിരുന്നു കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിച്ചത്. മുത്തലാഖ് വിഷയത്തിലടക്കം ലോക്‌സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ പ്രകടനത്തിൽ പാർട്ടിയിൽ അതൃപ്തി ഉയർന്നിരുന്നു. ന്യൂനപക്ഷ വിഷയങ്ങളിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ മികച്ച പ്രകടനം കൂടിയായതോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ കുഞ്ഞാലിക്കുട്ടി നേരത്തേ താത്പര്യപ്പെട്ടിരുന്നു. എന്നാൽ, ഫാസിസത്തിനെതിരെ പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കുന്നെന്ന വിമർശനവും അനാവശ്യമായി ഉപതിരഞ്ഞെടുപ്പെന്ന പഴിയും ലീഗ് ഭയപ്പെട്ടു.
കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ വഴി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സ്വാധീനിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെങ്കിലും പച്ചക്കൊടി കാണിച്ചില്ല. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ തങ്ങൾ പച്ചക്കൊടി കാട്ടുകയായിരുന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ എം.കെ. മുനീറിന്റെ പ്രകടനം വേണ്ടത്ര ഉയർന്നില്ലെന്നും പാർട്ടിയിൽ വിലയിരുത്തലുണ്ടായി. രാഷ്ട്രീയ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയിലൂടെ നില കൂടുതൽ ഭദ്രമാക്കുകയാണ് ലീഗിന്റെ ലക്ഷ്യം.
മലപ്പുറത്ത് വിജയം
വൻ ഭൂരിപക്ഷത്തിൽ
ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017 ഏപ്രിലിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എം.എൽ.എ സ്ഥാനം രാജിവച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ആദ്യമായി മത്സരിച്ചത്. തൊട്ടുപിന്നാലെ വേങ്ങര നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കെ.എൻ.എ. ഖാദർ വിജയിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂരിപക്ഷം (2.6 ലക്ഷം) പി.കെ. കുഞ്ഞാലിക്കുട്ടിക്കായിരുന്നു.