എടക്കര: മലയോര ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്ന പോത്തുകൽ പ്രദേശത്ത് കിഫ്ബി വിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. മലയോര ഹൈവേയുടെ ഭാഗമായ ചാത്തംമുണ്ട മുതൽ തമ്പുരാട്ടിക്കല്ല് വരെയുള്ള പത്ത് കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ പ്രവർത്തി നടക്കുന്നത്. ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തികൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനാണ് കിഫ്ബി ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും എത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോർപറേറ്റ് സൊസൈറ്റിയാണ് പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നത്. ഡ്രൈനേജ് ഉൾപ്പെടെയുള്ള പ്രവർത്തികൾ വേഗത്തിലാക്കാൻ കിഫ്ബി അധികൃതർ നിർദേശം നൽകി. വെളുമ്പിയംപാടം ഭാഗത്തെ കലുങ്ക്, ഡ്രൈനേജ് സംബന്ധിച്ച പ്രദേശവാസികളുടെ ആശങ്കകൾ ജനപ്രതിനിധികൾ സംഘത്തിന് മുമ്പാകെ അവതരിപ്പിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം പദ്ധതി പൂർത്തിയാക്കുമെന്ന് സംഘം അറിയിച്ചു. വന ഭൂമി ലഭ്യമാക്കുന്നത്തിനുള്ള നടപടി സ്വീകരിക്കാൻ ഉടനെ ഉന്നതതല യോഗം ചേരുമെന്നും പ്രവർത്തി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും സംഘം അറിയിച്ചു. തമ്പുരാട്ടികല്ല് ഫാം മുതൽ അരണപുഴ റീച്ചിലുള്ള വർക്കിൽ വനംവകുപ്പിന്റെ അനാസ്ഥയും ഇവരുടെ ശ്രദ്ധിയിൽപ്പെടുത്തി. ഫാമിന്റ കീഴിലുള്ള 3.7 കി.മീ. റോഡും, പയ്യാനി തോടിനും,ചാലിയാറിന് കുറുകെ പാലവും നിർമ്മിച്ചാൽ സഞ്ചാരമാർഗമില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന നൂറുകണക്കിന് ആദിവാസികൾക്ക് ഉപകാരപ്പെടുമെന്നും ഇവരെ അറിയിച്ചു. ഏകദേശം 35 കോടിയോളം രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും സംഘം അറിയിച്ചു. കിഫ്ബി സംഘത്തിനൊപ്പം നിലമ്പൂർ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ സി.ടി. മുഹ്സിൻ, വാർഡ് അംഗങ്ങളായ എം.എ. തോമസ്, സലൂബ് ജലീൽ എന്നിവരും സംബന്ധിച്ചു.