lllll

മലപ്പുറം: പുതുവർഷത്തിൽ വാക്സിൻ കുത്തിവയ്പ്പ് തുടങ്ങുമെന്ന പ്രതീക്ഷയിൽ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുന്ന സർക്കാർ,​ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ വിവരശേഖരണം പൂർത്തിയായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കൊവിൻ( കൊവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ് വർക്ക്) ആപ്പിലേക്ക് ഇവരുടെ പേരുവിവരങ്ങളും ഫോട്ടോ തിരിച്ചറിയൽ കാർഡും അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തികളാണിപ്പോൾ നടക്കുന്നത്. സർക്കാർ മേഖലയിലെ അലോപ്പതി, ആയുഷ്, ഇ.എസ്.ഐ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വകാര്യ ആശുപത്രികൾ, ഡെന്റൽ ഉൾപ്പെടെയുള്ള ക്ലിനിക്കുകൾ, സ്‌കാൻ സെന്ററുകൾ, ലാബ് എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകുക. ഇത്തരത്തിൽ 827 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ആശ, അംഗൻവാടി പ്രവർത്തകരും ഇതിലുൾപ്പെടും. സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് കുത്തിവയ്പ്പ് ക്രമീകരണങ്ങൾ ഒരുക്കുന്നത്.


പരീശിലനം പൂർത്തിയാക്കി
കൊവിഡ് വാക്സിൻ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സി.എച്ച്.സി, പി.എച്ച്.സി, എഫ്.എച്ച്.സി, ബ്ലോക്ക് തലത്തിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് വർക്കേഴ്സ് സൂപ്പർവൈസേഴ്സിനും ട്രെയിനിംഗ് നൽകി കഴിഞ്ഞു. വാക്സിനെടുക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ തരണം ചെയ്യാനുള്ള പരിശീലനവും നൽകിയിട്ടുണ്ട്. സാധാരണ വാക്സിൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ് കൊവിഡ് വാക്സിന്റെ കാര്യത്തിലുമുള്ളത്. അപൂർവ്വമായി എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ നേരിടാനുള്ള എമജൻസി കിറ്റുകളും ഉറപ്പാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വൈകാതെ ജില്ലാതലത്തിലും പിന്നാലെ 15 ആരോഗ്യ ബ്ലോക്കുകളിലും യോഗം ചേരും. ഏത് കമ്പനിയുടെ വാക്സിനാവും നൽകുകയെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേത് തന്നെയാവും നൽകുക.

ശീതികരണം സുസജ്ജം
വാക്സിൻ സൂക്ഷിക്കുന്നതിന് ആവശ്യമായ ശീതികരണ സംവിധാനങ്ങൾ ( കോൾഡ് ചെയിൻ പോയിന്റ്സ്) ജില്ലയിൽ നിലവിലുണ്ട്. കളക്ടറേറ്റിൽ മികച്ച സൗകര്യങ്ങളോടെ ഡിസ്ട്രിക്ട് വാക്സിൻ സ്റ്റോറുണ്ട്. കോഴിക്കോട് റിജ്യണൽ കേന്ദ്രത്തിൽ നിന്ന് വരുന്ന വിവിധ വാക്സിനുകൾ ഇവിടെയാണ് സൂക്ഷിക്കുന്നത്. കൂടാതെ എല്ലാ പി.എച്ച്.സികളിലുമായി 117 കോൾഡ് ചെയിൻ പോയിന്റുകളുണ്ട്. കൂടുതൽപേർക്ക് കൊവിഡ് വാക്സിൻ നൽകുന്ന രണ്ടാംഘട്ടത്തിൽ വാക്സിൻ സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളുടെ എണ്ണവും സൗകര്യങ്ങളും വർദ്ധിപ്പിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും രണ്ടാംഘട്ടത്തിൽ പൊലീസ് ഉൾപ്പെടെ കൊവിഡ് നിയന്ത്രണ രംഗങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കും പിന്നാലെ അമ്പത് വയസ്സിന് മുകളിലുള്ളവർക്കുമാണ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ നിർദ്ദേശം ലഭിച്ചിട്ടുള്ളത്.

നൽകുക അഞ്ചംഗ ടീം

വാക്സിൻ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. കോവിൻ ആപ്പിൽ മുഴുവൻ പേരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ ശേഷമാവും ഏതെല്ലാം സ്ഥലങ്ങളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കേണ്ടി വരികയെന്ന് ജില്ലാ ആരോഗ്യ വകുപ്പ് തീരുമാനിക്കുക. ഒരു കേന്ദ്രത്തിൽ അഞ്ച് പേർ അടങ്ങിയ ടീമിനെ നിയോഗിക്കും. ഇതിൽ ഒരാൾ വാക്സിൻ കൊടുക്കുന്നയാളും മറ്റുള്ളവർ സഹായികളുമാവും. വാക്സിൻ കേന്ദ്രത്തിലെ വെയ്റ്റിംഗ് ഏരിയയിൽ ഒരാളുണ്ടാവും. പൊലീസോ, സന്നദ്ധ പ്രവർത്തകരോ ആവുമിത്. വാക്സിനേഷൻ കൊടുക്കുന്ന സ്ഥലത്തും സഹായത്തിന് ഒരാളുണ്ടാവും. വാക്സിൻ എടുത്തയാളെ 30 മിനിറ്റ് നിരീക്ഷിക്കുന്നതിന് വേണ്ടി മറ്റൊരു റൂമിലേക്ക് മാറ്റും. ഇവിടെയും ഒരാളെ നിയോഗിക്കും. മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ഒരു ആരോഗ്യപ്രവർത്തകനുമുണ്ടാവും. വാക്സിനെടുക്കുന്നവരെ ബോധവത്കരിക്കുന്നതും സ്വീകരിക്കേണ്ട മുൻകരുതലുകളുമെല്ലാം ടീമംഗങ്ങൾ വിശദീകരിക്കും. രണ്ടാമത്തെ ഡോസ് എപ്പോൾ ലഭിക്കുമെന്നത് അടക്കമുള്ള വിവരങ്ങളും നൽകും. എസ്.എം.എസ് വഴി രണ്ടാം‌ഡോസെടുക്കേണ്ട ദിവസം ഓർമ്മപ്പെടുത്തും.

വാക്സിൻ എടുക്കാൻ വരുന്നത് ഒരുവഴിയിലൂടെയും തിരിച്ചുപോവുന്നത് മറ്റൊരു വഴിയിലൂടെയുമാവും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഒരുസമയം ഒരാൾക്ക് മാത്രമേ വാക്സിൻ കൊടുക്കൂ. ഇവരെ 30 മിനിറ്റ് നിരീക്ഷിച്ച ശേഷമേ വിട്ടയക്കൂ. പഞ്ചായത്ത് കെട്ടിടങ്ങൾ, സ്‌കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയവയാവും വാക്സിനേഷൻ കേന്ദ്രങ്ങൾ.

വാക്സിൻ കുത്തിവെപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ വാക്സിൻ ലഭിക്കൂ.
ഡോ.വി.പി രാജേഷ്, ആർ.സി.എച്ച് ഓഫീസർ

ആദ്യഘട്ടമെന്ന നിലയിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുക. കൂടുതൽപേർക്ക് നൽകേണ്ട സന്ദർഭത്തിൽ കുത്തിവയ്പ്പിനുള്ള സൗകര്യങ്ങൾ വ‌ർദ്ധിപ്പിക്കും.

ഡോ. മുഹമ്മദ് ഇസ്‌മായിൽ,​ ഡി.എം.ഒ ഇൻചാർജ്ജ്