
മഞ്ചേരി: പുതുവർഷാഘോഷത്തിനായി മഞ്ചേരിയിലെത്തിച്ച അരക്കിലോയോളം ഹാഷിഷ് ഓയിലും വിപണിയിൽ അമ്പതിനായിരം രൂപ വില വരുന്ന എം.ഡി.എം.ഐ മയക്കുമരുന്നുമായി യുവാവിനെ മഞ്ചേരി എക്‌സെസ് സംഘം പിടികൂടി. മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീൻ (41) ആണ് മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ. ജിനീഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ പിടിയിലായത്. മഞ്ചേരി ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിന് സമീപത്ത് വച്ച് ഇയാൾ സഞ്ചരിച്ചിരുന്ന കാർ സഹിതമാണ് പിടിയിലായത്. സ്ഥിരമായി ചെന്നൈ, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും ഇതുപോലുള്ള മയക്കുമരുന്നുകൾ മഞ്ചേരിയിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഴ്ച്ചകളായി ഷംസുദ്ദീൻ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാറിൽ മയക്കുമരുന്നുകൾ വലിക്കാനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനയ്ക്കായി കരുതിയിരുന്ന ചെറിയ പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തു. കഞ്ചാവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാഷിഷ് ഓയിലിന് കഞ്ചാവിനേക്കാൾ വീര്യം കൂടുതലായതിനാൽ വൻ ഡിമാൻഡാണ്. പിടികൂടിയ ഹാഷിഷ് ഓയിലിന് ചില്ലറ വിൽപ്പന വിപണിയിൽ രണ്ടുലക്ഷത്തോളം രൂപ വിലവരും. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.ഐക്ക് വിപണിയിൽ ഗ്രാമിന് മൂവായിരത്തിലധികം വിലയുണ്ട്. ശാരീരികമായും മാനസികപരമായും വ്യക്തികളെ തളർത്തുന്ന മയക്കുമരുന്നുകളാണിവ.
പ്രിവന്റീവ് ഓഫീസർ പി.ഇ.ഹംസ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.കെ.സതീഷ് , കെ.പി.സാജിദ്, അമിൻ അൽത്താഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ കെ.പി.ധന്യ , എക്‌സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.