vadakanchery
വാളയാർ വടക്കഞ്ചേരി ദേശീയപാത, കാടാങ്കോട് ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം

വടക്കഞ്ചേരി: നിലവിലുള്ള അപാകങ്ങൾ പരിഹരിച്ച് അടിമുടി മാറാനൊരുങ്ങുകയാണ് വടക്കഞ്ചേരി വാളയാർ പാത. ഇപ്പോഴുള്ള നാലുവരി ആറു വരിയാക്കി മാറ്റാനുള്ള പ്രാഥമിക സർവേ പൂർത്തിയായി.

സ്വകാര്യ കൺസൾട്ടിംഗ് ഏജൻസിയായ സ്റ്റൂപ്പ് എന്ന കമ്പനിയാണ് ദേശീയപാതാ അതോറിറ്റിക്ക് വേണ്ടി സർവേ നടത്തുന്നത്. സർവേ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് ഉടൻ ദേശീയപാതാ അതോറിറ്റിക്ക് സമർപ്പിക്കും.

ഏറെ തിരക്കുള്ള ആലത്തൂർ, കുഴൽമന്ദം ജംഗ്ഷനുകളിൽ മേൽപ്പാലങ്ങൾ ഉയരും. നാലുവരിപ്പാത പണിതപ്പോൾ ഇവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാതിരുന്നതിനെ ചൊല്ലി ദേശീയപാതാ അതോറിറ്റിക്ക് ഏറെ പഴി കേൾക്കേണ്ടിവന്നിരുന്നു. വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി ആലത്തൂരിലും കുഴൽമന്ദത്തും സിഗ്നൽ സംവിധാനമുണ്ടെങ്കിലും അപകടങ്ങൾ പതിവാണ്. മേൽപ്പാലങ്ങൾ വരുന്നതോടെ ഗതാഗതം സുഗമമാകും. ദേശീയപാതവഴി വരുന്ന വാഹനങ്ങൾക്ക് ജംഗ്ഷനിലെ തിരക്കിൽ കുടുങ്ങാതെ മേൽപ്പാലംവഴി കടന്നപോകാം. മറ്റു വാഹനങ്ങൾക്ക് കടന്നപോകാൻ അടിപ്പാതയും നിർമിക്കും. സിഗ്നൽസംവിധാനം ഒഴിവാക്കാനുമാകും.

45 മീറ്റർ വീതിയിലാണ് ആറുവരിപ്പാത വികസനം നടപ്പാക്കുന്നത്. നിലവിൽ മിക്കയിടങ്ങളിലും ദേശീയപാതാ അതോറിറ്റിക്ക് 45 മീറ്റർ വീതിയിൽ സ്ഥലമുണ്ട്. ചിലയിടങ്ങളിൽ മാത്രമേ സ്ഥലം ഏറ്റെടക്കേണ്ട സാഹചര്യം വരികയുള്ളൂ. സ്ഥലമേറ്റെടുക്കൽ പരമാവധി ഒഴിവാക്കുന്നതിനായി നിലവിലുള്ള ഡിവൈഡറിന്റെ വീതി കുറച്ച് റോഡിന്റെ ഭാഗമാക്കുന്നതും പരിഗണനയിലുണ്ട്. നിർമാണപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനായി കേന്ദ്രസർക്കാരിന്റെ റോഡ് വികസന പദ്ധതിയായ ഭാരത് മാലാ പ്യാരി യോജനയുമായി സംയോജിപ്പിച്ചാവും നിർമ്മാണം നടക്കുക. കൺസട്ടിംഗ് ഏജൻസിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാലുടനെ ദേശീയപാതാ അതോറിറ്റി ഇത് സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും. ഒരുവർഷത്തിനുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴുള്ള നാലുവരിപ്പാത 2015ലാണ് പൂർത്തിയാക്കിയത്.

എല്ലാ സിഗ്നലുകളിലും മേൽപ്പാലങ്ങൾക്ക് സാധ്യതയുണ്ട്.
ആലത്തൂരിനും കുഴൽമന്ദത്തിനും പുറമെ ഇരട്ടക്കുളം, കണ്ണനൂർ, കാഴ്ചപ്പറമ്പ്, വാളയാർ എന്നിവിടങ്ങളിലും സിഗ്നൽ ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കാനും ദേശീയപാതാ അതോറിറ്റി ആലോചിക്കുന്നുണ്ട്. ഇതോടെ വടക്കഞ്ചേരി മുതൽ വാളയാർ വരെ സിഗ്നലുകളിൽ കാത്തുകിടക്കേണ്ട സാഹചര്യം ഇല്ലാതാകും.