
തിരുവഴാംകുന്ന്: ഇരട്ടവാരി കരടിയോട് കണ്ടമംഗലം പൊതുമരാമത്ത് റോഡ് ഉൾപ്പെടെ ഇരട്ടവാരി കരടിയോട് ഭാഗത്ത് ഇരുപതോളം പേരുടെ സ്ഥലം വനംവകുപ്പിന്റേതെന്ന് പുതിയ സർവ്വേയുടെ കണ്ടെത്തലിൽ നാട്ടുക്കാർ പ്രതിഷേധത്തിൽ. ക്രിസ്മസ് ദിവസത്തിലാണ് ജനങ്ങളെ ഞെട്ടിച്ച വനംവകുപ്പിന്റെ സർവ്വേ നടന്നത്. ഇരട്ടവാരി കരടിയോട് കണ്ടമംഗലം പൊതുമരാമത്ത് റോഡിന് പുറമെ ഇരുപതോളം പേരുടെ സ്ഥലവും ഇപ്പോൾ വനംവകുപ്പിന്റെതെന്നാണ് പുതിയ സർവ്വേയിൽ പറയുന്നത്.
സർവേ നടത്തി അതിർത്തി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉടൻ ജണ്ട സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുക്കാർ രംഗത്തെത്തി. അറുപത് വർഷത്തോളമായി നികുതിയടച്ച് പോരുന്ന സ്ഥലമാണ് ഒരു സുപ്രഭാതത്തിൽ വനപാലകർ വന്ന് സ്ഥലം വനംവകുപ്പിന്റേതെന്ന് പറയുന്നത്. എന്തിന്റെ പേരിലായാലും ഇത് അംഗീകരിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇരുപത് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പ്രവൃത്തി നടത്തി വരുന്ന റോഡും വനംവകുപ്പിന്റേതെന്ന് പറയുന്നതിന്റെ ന്യായമില്ലായ്മയും ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. അവധി ദിവസങ്ങളിൽ ഒരു മുന്നറിയിപ്പുമില്ലാതെ എത്തി വനം വകുപ്പ് ചെയ്യുന്ന പ്രവർത്തികളെ ശക്തമായി പ്രതിരോധിക്കാനാണ് ജനങ്ങളുടെ തീരുമാനം.