 
ചെർപ്പുളശ്ശേരി: വല്ലപ്പുഴ കുറുവട്ടൂർ പാടശേഖരത്തിൽ രണ്ടാം വിളയിറക്കിയ 100 ഏക്കറോളം നെൽക്കൃഷി വെള്ളമില്ലാതെ ഉണക്കു ഭീഷണിയിൽ. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നു ഈ മാസം ആദ്യം തുറന്നു വിട്ട വെള്ളം ഇതുവരെയും ഈ പ്രദേശങ്ങളിലേക്ക് എത്തിയില്ല. വല്ലപ്പുഴക്കടുത്ത തൃക്കാരമണ്ണഭാഗത്താണ് സാധാരണ വെളളം എത്താറ്.ഇവിടുത്തെ കനാലിലെ ഷട്ടർ തുറന്നാൽ, വല്ലപ്പുഴയിലെ ചോലയിലും പാപ്പിനിതോട്ടിലും വെള്ളമെത്തും.ഇതോടെ കുറുവട്ടൂർ, വെള്ളപോക്ക് പാടശേഖരങ്ങളിൽ ജലസേചനം ഉറപ്പാക്കാനാവുമായിരുന്നു.എന്നാൽ വെളളം ലഭിക്കാതത്തിനാൽ ഇവിടെത്ത കർഷകർ ഇത്തവണ ആശങ്കയിലാണ്.പലരും മോട്ടോറുകളും പൈപ്പുകളും വാടകക്കെടുത്ത് സ്വകാര്യ കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നുമാണ് വെള്ളം കൃഷിയടത്തിലേക്ക് പമ്പ് ചെയ്യുന്നത് .
മോട്ടോർ വാടക 12 മണിക്കൂറിന് 600 രൂപയും പൈപ്പു വാടക 250 രുപയും വരുമെന്നാണ് കർഷകർ പറയുന്നത്. നെല്ല് കതിരാവാൻ പോകുന്ന വേളയിലാണ് ഉണക്കു ഭീഷണിയെന്നതും കർഷകരെ ദുരിതത്തിലാക്കുന്നു.
കാഞ്ഞിരപ്പുഴയിലെ വെളളം എത്തിക്കാനുളള കനാലിൽ പലയിടത്തും തടസ്സങ്ങളും ഉണ്ട് . കനാൽ വഴി വെള്ളം ഒഴുകുന്നതിനുള്ള തടസ്സങ്ങൾ പൂർണ്ണമായി മാറ്റിയാലെ വല്ലപ്പുഴയിലും വെള്ളമെത്തുകയുള്ളു. കഴിഞ്ഞ മാസം കാഞ്ഞിരപ്പുഴ വെള്ളം തുറന്നു വിട്ടത് തെക്കുംപുറത്ത് കനാലിന് വൻ ചോർച്ച വന്നതിനാൽ പാഴായിപ്പോയിരുന്നു.ഇത്തവണ തുലാം മഴ കനിയാത്തതും കർഷകർക്ക് ഇരുട്ടടിയായി.