nelliyampthy

നെല്ലിയാമ്പതി: ക്രിസ്മസ് അവധിക്കാലമെത്തിയതോടെ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്ക്. നെല്ലിയാമ്പതിയിൽ ഉള്ള ചെറുതും വലുതുമായി 25 ഓളം റിസോർട്ടുകളിലുള്ള എല്ലാ മുറികളും ഒരാഴ്ച മുമ്പ് ബുക്കിംഗ് തീർന്നു. റൂം പ്രതീക്ഷിച്ച് മുൻകൂർ ബുക്കിംഗ് ഇല്ലാതെ എത്തിയ വിനോദസഞ്ചാരികൾ നിരാശരായി മടങ്ങി. ഊത്തുക്കുഴി മുതൽ സീതാർകുണ്ട് വരെയുള ഇടുങ്ങിയ എസ്റ്റേറ്റ് റോഡിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിരക്ക് മൂലം ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. 1,600 ഓളം വാഹനങ്ങൾ കടന്നു പോയതായി പോത്തുണ്ടി വനം ചെക്ക് പോസ്റ്റിൽ രേഖപ്പെടുത്തി. അയ്യായിരത്തിലധികം വിനോദസഞ്ചാരികൾ ഇന്നലെ നെല്ലിയാമ്പതിയിൽ എത്തിയെന്നാണ് പോത്തുണ്ടി ചെക്ക് പോസ്റ്റിൽ നിന്നുള്ള പ്രാഥമിക കണക്ക്. കൈയിൽ ഭക്ഷണം കരുതിയവർ മുതൽ നെല്ലിയാമ്പതിയിൽ നിന്ന് ഹോട്ടൽ ഭക്ഷണവും തട്ടുകട ഭക്ഷണവും കഴിച്ചവർ ഏറെ. 100 രൂപയ്ക്ക് പാർസൽ ബിരിയാണിയും 50 രൂപയ്ക്ക് കപ്പയും മീനും. പുലയൻപാറയിലും ഊത്തുക്കുഴിയിലും നൂറടിയിലും ഈ സീസണിലെ ഏറ്റവും നല്ല വ്യാപാരം നടന്നതെന്ന് തട്ടുകടക്കാർ പറയുന്നു. അടുത്ത രണ്ട് ദിവസം കൂടി വർഷാവസാന തിരക്ക് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. റിസോർട്ടുകളിൽ റൂം ബുക്കിംംഗ് ജനുവരി 2 വരെയുള്ള തിയതികളിലേക്ക് ബുക്കിങ് തീർന്നതായി പുലയൻ പാറയിലെ റിസോർട്ട് ഉടമ പറഞ്ഞു.

കൊവിഡ് ഇളവിന് ശേഷം റിസോർട്ടുകൾ തിങ്ങിനിറയുന്നത് 2020ൽ ആദ്യമായാണ്. സീതാർകുണ്ട് അത്യാഹിതം ഉണ്ടായതോടുകൂടി അതിനെ തുടർന്നുനുള്ള ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കാരാശൂരിയിലേക്കുള്ള സഫാരി ജീപ്പ് സർവ്വീസ് രാവിലെ 8 മണി മുതൽ ഉച്ചക്ക് 3 മണി വരെ ഇടവിടതെ സർവീസ് നടത്തി. സിതാർകുണ്ട് റോഡിൽ തിരക്കായതോടെ കേശവൻ പാറ, നൂറടി, കാരപ്പാറ റോഡുകളിലേക്ക് സഞ്ചാരികൾ ധാരാളമായി എത്തി. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കാരപ്പാറ പുഴയിലേക്ക് സഞ്ചാരികൾ ഭക്ഷണാവശിഷ്ടങ്ങളും നാപ്കിനും പുഴയിലേക്ക് എറിയുന്നതായി കാരപ്പാറയി ലുള്ളവർ പരാതിപ്പെട്ടു. കൈകാട്ടി, നൂറടി, ഭാഗങ്ങളിൽ പൊതു ശൗചാലയങ്ങൾ ഇല്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വിനോദസഞ്ചാരികൾ പറയുന്നു.