 
തിരൂരങ്ങാടി: നന്നമ്പ്രയിൽ കോൺഗ്രസിലെ കാലുവാരൽ ആരോപിച്ച് പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയും വാക്കേറ്റവും. തിരഞ്ഞെടുക്കപെട്ട അഞ്ച് മെമ്പർമാരുടെയും കോണഗ്രസ് ഭാരവാഹികളുടെയും യോഗം ഇന്നലെ വൈകിട്ട് അഞ്ചിന് ചെറുമുക്ക് ടൗൺ കോൺഗ്രസ്സ് ഓഫീസിൽ ചേർന്നപ്പോഴാണ് കൈയ്യാങ്കളിയും പോർവിളികളുമുയർന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടങ്ങാനിരിക്കെ നന്നമ്പ്ര ഇരുപതാം വാർഡ് ഉൾപ്പെടെ ചില വാർഡുകളിൽ ഡി.സി.സി സെക്രട്ടറിയുടെ അറിവോടെ ചില പ്രവർത്തകർ പാർട്ടി സ്ഥാനാർത്ഥികളെ പരസ്യമായി രംഗത്തുവന്നെന്ന ആക്ഷേപമുയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ഡി.സി.സി സെക്രട്ടറിയെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ഇതോടെ ഇരുകൂട്ടരും തമ്മിൽ ഏറെ നേരം കൈയ്യാങ്കളിയും വാക്കേറ്റവും നടന്നു. തുടർന്ന് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
പഞ്ചായത്തിലെ 21 വാർഡുകളിൽ പന്ത്രണ്ടിടത്ത് മുസ്‌ലിം ലീഗ് , അഞ്ചിടത്ത് കോൺഗ്രസ്, ബിജെപി, വെൽഫയർ, സ്വതന്ത്രൻ എന്നിങ്ങനെ ഓരോരുത്തർ വീതവും ഒരു എൽ.ഡി.എഫ് സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ ഏഴിടത്ത് കോൺഗ്രസ്സ് വിജയിച്ചിരുന്നു. ഇത്തവണ രണ്ടിടത്ത് പരാജപ്പെട്ടാൻ കാരണം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കാലുമാറിയതാണെന്ന ആക്ഷേപം ശക്തമാണ്.