
പൊന്നാനി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ വിളിച്ചു ചേർത്ത പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക കൺവെൻഷനിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. മണ്ഡലത്തിന്റെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി വി.വി. രാജേഷിന്റെ സാന്നിദ്ധ്യത്തിലാണ് വിമർശനമുയർന്നത്.
യുത്ത് കോൺഗ്രസ് ഭാരവാഹികളാണ് വിമർശനത്തിന് തുടക്കമിട്ടത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട കോൺഗ്രസ് യോഗങ്ങളിലേക്ക് യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികളെ ക്ഷണിച്ചില്ലെന്നതായിരുന്നു പ്രധാന ആക്ഷേപം. അവഗണന തുടർന്നാൽ രാജിവയ്ക്കുമെന്ന ഭീഷണി പോഷക സംഘടന ഭാരവാഹികൾ ചർച്ചയിൽ ഉന്നയിച്ചു.
പൊന്നാനി നഗരസഭയിൽ ഉൾപ്പെടെ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വിമർശനമുണ്ടായി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾ ഒട്ടുമിക്കവരും ഉന്നയിച്ചു. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സംഘടനാ സംവിധാനം നോക്കുകുത്തിയായിരുന്നു.കെ.പി.സി.സി നിർദ്ദേശപ്രകാരമുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പ്രവർത്തനം നടന്നില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ.പി.സി.സി നൽകിയ മെറ്റീരിയലുകൾ വീടുകൾ തോറും വിതരണം ചെയ്തില്ല. കൃത്യസമയത്ത് വാർഡുകളിൽ ഫണ്ട് ലഭ്യമാക്കിയില്ല. ആകർഷകമായ രീതിയിൽ പ്രകടനപത്രിക തയ്യാറാക്കാതെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടയാൾക്ക് വിജയസാദ്ധ്യതയുള്ള വാർഡ് നൽകാൻ പോലും നേതൃത്വത്തിനായില്ല.
കെ.പി.സി.സി നിർദ്ദേശം ലംഘിച്ച ബ്ലോക്ക് പ്രസിഡന്റ് ആറാം തവണയും മത്സരിച്ചത് വിമർശനത്തിനിടയാക്കി. ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ചു നൽകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. പൊന്നാനി, ഈഴുവത്തിരുത്തി മണ്ഡലം ഭാരവാഹികൾ രാജിവച്ച് ഒഴിയണമെന്ന ആവശ്യവുമുണ്ടായി. മാറഞ്ചേരി മണ്ഡലം കമ്മിറ്റിക്കെതിരെയും രൂക്ഷ വിമർശനമുയർന്നു. മണ്ഡലം നേതൃത്വം മുസ്ലിം ലീഗിന് കീഴ്‌പ്പെട്ടുവെന്ന വിമർശനമാണ് ഉണ്ടായത്. കോൺഗ്രസിന് വിജയസാദ്ധ്യതയുള്ള വാർഡുകൾ മുസ്ലിം ലീഗിന് വിട്ടുനൽകിയതിനെതിരെ വിമർശനമുണ്ടായി. ചില കോൺഗ്രസ് നേതാക്കൾ ബി.ജെ.പിക്ക് വോട്ടു മറിക്കാൻ സാഹചര്യമൊരുക്കിയെന്ന ആക്ഷേപവുമുയർന്നു.
പൊന്നാനി നഗരസഭയിൽ സ്ഥാനാർത്ഥിത്വത്തിന് നേതൃത്വം പണം വാങ്ങിയെന്ന ആക്ഷേപവും ചിലർ ഉന്നയിച്ചു. തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഡലം ഭാരവാഹികൾ രാജിവയ്ക്കണമെന്ന ആവശ്യത്തോട് നേതൃത്വം പ്രതികരിച്ചില്ല. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.പി. സേതുമാധവൻ രാജി പ്രഖ്യാപിച്ചു. മറ്റൊരു ഭാരവാഹി പ്രദീപ് കാട്ടിലായിൽ രാജി സന്നദ്ധത അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിലയിരുത്തലിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് കൺവെൻഷൻ വിളിച്ചു ചേർത്തത്. പൊന്നാനിയിൽ ഇടതുമുന്നണി നേടിയ മേൽക്കൈ ഇപ്പോഴത്തെ നേതൃത്വത്തെ വച്ച് മറികടക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി