acci
കണ്ടെയ്നർ ലോറി പുഴയിലേക്ക് വീണ നിലയിൽ

പെരിന്തൽമണ്ണ: അപകടങ്ങൾ തുടർക്കഥയായ അങ്ങാടിപ്പുറം ഓരാടൻ പാലത്തിൽ ഞായറാഴ്ച പുലർച്ചെ വീണ്ടും അപകടം. തിരൂർക്കാട് ഇരുചക്ര വാഹന ഷോറൂമിലേക്ക് ബൈക്കുകളെത്തിച്ച് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന വലിയ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. പാലത്തിന്റെ വലതുഭാഗത്തെ കൈവരി തകർത്ത് പുഴയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വീതിയേറിയ റോഡ് പൊടുന്നനെ വീതി കുറഞ്ഞ പാലത്തിലേക്ക് ചുരുങ്ങുന്നതോടെ,​ ഇത് ശ്രദ്ധിക്കാതെ എത്തുന്ന അന്യ സംസ്ഥാന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിൽ കൂടുതലും. ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്ന രീതിയിൽ റിഫ്ളക്ടുകളും, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും പാലത്തിന്റെ ഇരു ഭാഗത്തും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്താൽ അപകടം കുറയ്ക്കാമെന്ന് കണക്കാക്കുന്നു. കൂടാതെ പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിച്ചും അപകടങ്ങൾ ഒഴിവാക്കാം. ശാശ്വത പരിഹാരത്തിനായി ഇവിടെ നിന്നും ആരംഭിക്കുന്ന നിർദ്ദിഷ്ട ഓരാടൻ പാലം മാനത്ത് മംഗലം ബൈപ്പാസ് തന്നെയാവും ഏക ആശ്രയം.