 
പൊന്നാനി: 21 വർഷം പൊന്നാനി നഗരസഭ കാര്യാലയത്തിൽ ഉദ്യോഗസ്ഥനായി നിറഞ്ഞുനിന്ന ശിവദാസൻ ആറ്റുപുറം ഇനി പൊന്നാനി നഗരപിതാവ്. കഴിഞ്ഞ വർഷമാണ് നഗരസഭ സർവ്വീസിൽ നിന്ന് പടിയിറങ്ങിയത്. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നത് ഭരണത്തലവനെന്ന വേഷപ്പകർച്ചയോടെ.
30 വർഷത്തെ സർവ്വീസ് കാലത്തിൽ 21 വർഷവും പൊന്നാനി നഗരസഭ കാര്യാലയത്തിൽ. അറിയപ്പെട്ടിരുന്നത് ജനകീയ ഉദ്യോഗസ്ഥനെന്ന നിലയ്ക്ക്. നഗരസഭ ചെയർമാൻ സ്ഥാനം എസ്.സി വിഭാഗത്തിന് സംവരണം ചെയ്തതോടെയാണ് ശിവദാസന് ചെയർമാൻ സ്ഥാനത്തേക്ക് നറുക്കു വീണത്. ജനറൽ വാർഡായ നായാടി കോളനിയിൽ(44-ാംവാർഡ്) നിന്ന് മത്സരിച്ച ശിവദാസൻ 103 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിൽ നിന്ന് വാർഡ് പിടിച്ചെടുത്തു. പിന്നാക്ക വിഭാഗങ്ങളിൽ ഏറ്റവും പിന്നിലുള്ള നായാടി സമുദായത്തിൽ നിന്നുള്ള പ്രതിനിധിയാണദ്ദേഹം.
പൊന്നാനി ആനപ്പടി നായാടി കോളനിയിലെ നിർധന കുടുംബത്തിലായിരുന്നു ജനനം. പരിമിതികളോട് പടവെട്ടി നഗരസഭ ജീവനക്കാരനായി.1989 ൽ പൊന്നാനി നഗരസഭയിൽ ബിൽ കളക്ടറായി തുടക്കം. പിന്നീട് ക്ലർക്ക്, സീനിയർ ക്ലർക്ക്. ഒമ്പതു വർഷം ചാലക്കുടി, ഗുരുവായൂർ, തിരൂർ നഗരസഭകളിലായിരുന്നു.
ആറുപേർ എസ്.സി വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ശിവദാസനുള്ള ജനകീയതയും സർവീസ് രംഗത്തെ പരിചയസമ്പന്നതയുമാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ പ്രധാന ഘടകമായത്. ഏറ്റവും പിന്നാക്കവിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെന്നതും പരിഗണനയ്ക്ക് മാനദണ്ഡമായി. ജനകീയ ഉദ്യോഗസ്ഥനിൽ നിന്ന് ജനകീയ ഭരണാധികാരിയിലേക്കുള്ള മാറ്റത്തെയാണ് പൊന്നാനി കാത്തിരിക്കുന്നത്.
നഗരവത്കരണത്തിന്റെ
പരിമിതികൾ മറികടക്കും
പൊന്നാനി : നന്മനിറഞ്ഞ നഗരഭരണത്തിന്റെ തുടർച്ചയാണ് അടുത്ത അഞ്ചുവർഷം ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർമാനായി ചുമതലയേറ്റ ശേഷം ശിവദാസൻ പറഞ്ഞു. നഗരവത്കരണത്തിന്റെ പരിമിതികൾ മുറിച്ചു കടക്കുകയാണ് ലക്ഷ്യം.പ്രകടനപത്രിക ആധാരമാക്കിയുള്ള പദ്ധതികളും പരിപാടികളും നടപ്പാക്കും.
നഗരവത്കരണത്തിന്റെ ഭാഗമായി ഇല്ലാതെ പോയ
ബസ് സ്റ്റാന്റ്, മത്സ്യ മാംസ മാർക്കറ്റ്, സമഗ്ര അഴുക്കുചാൽ എന്നിവ യാഥാർത്ഥ്യമാക്കുന്നതിന് മുന്തിയ പരിഗണന നൽകും.
തീരദേശത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണും.
തീരത്ത് സമഗ്ര അഴുക്കുചാൽ പദ്ധതി നടപ്പാക്കും.
അടിസ്ഥാന തൊഴിൽ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുകളുണ്ടാകും.
കാർഷിക രംഗത്ത് നടപ്പാക്കിയ വിപ്ലവകരമായ പദ്ധതികൾക്ക് തുടർച്ചയുണ്ടാകും
നഗരസഭയിൽ വീണ്ടും ഒരുമിച്ച് ശിവേട്ടനും ശാന്തേച്ചിയും
പൊന്നാനി: കഴിഞ്ഞ 21 വർഷം പൊന്നാനി നഗരസഭ കാര്യാലയത്തിൽ ശിവദാസന് നിഴലായി ശാന്തയുണ്ടായിരുന്നു. നഗരസഭ ഓഫീസിലെത്തുന്ന പൊന്നാനിക്കാർക്ക് ഇവർ ശിവേട്ടനും ശാന്തേച്ചിയുമായിരുന്നു. വീട്ടിൽ നിന്ന് ഒരുമിച്ചിറങ്ങി ഒരുമിച്ച് ഓഫീസിലെത്തി ഒരുമിച്ച് തിരിച്ചു പോകുന്ന പതിവായിരുന്നു ഈ ദമ്പതികൾക്ക്.ശിവദാസൻ കഴിഞ്ഞ വർഷം വിരമിച്ചതോടെ ഇത് മുടങ്ങി. ശിവദാസൻ നഗരസഭ പിതാവായി വീണ്ടും നഗരസഭ കാര്യാലയത്തിലെത്തുമ്പോൾ സീനിയർ ക്ലാർക്കായി ശാന്ത ഇവിടെ തന്നെയുണ്ട്. 2022 വരെയാണ് കാലാവധി. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഇനി രണ്ടു വർഷം കൂടി ഇവർക്ക് ഒരുമിച്ച് നഗരസഭ കാര്യാലയത്തിലേക്കിറങ്ങാം.
മക്കളായ സോന ശിവദാസും ലന ശിവദാസും അച്ഛന്റെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ്.