
മലപ്പുറം: സംവരണ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ സംതൃപ്തരെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ഭാരവാഹികൾ. കേരള പര്യടനത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാനേജർ കെ. മോയിൻകുട്ടി.സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ലഭിക്കുന്നതിൽ സമസ്തക്ക് എതിർപ്പില്ല. സമസ്തയുടെ നിർദ്ദേശങ്ങൾക്കെല്ലാം മുഖ്യമന്ത്രിയിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചത്. അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത സംസ്ഥാന പ്രസിഡന്റ് ആലിക്കുട്ടി മുസ്ലിയാർ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ദേഹത്തിന് പങ്കെടുക്കാനായില്ല. തുടർന്നാണ് പ്രതിനിധികളായി മാനേജർ കെ. മോയിൻകുട്ടി, പി.ആർ.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ പങ്കെടുത്തത്.
സർക്കാർ അനുകൂല പ്രസ്താവന:
ഉമർ ഫൈസിയെ തള്ളി സമസ്ത
കോഴിക്കോട്: പിണറായി സർക്കാരിനെ പിന്തുണച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത രാഷ്ട്രീയ സംഘടനയല്ല. രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുകയുമില്ല. സമസ്തയുടെ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടന പരിപാടിയിൽ പങ്കെടുത്ത ശേഷമായിരുന്നു ഉമർ ഫൈസിയുടെ വിവാദ പരാമർശം.