fffffffffff

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങൽ എം.എസ്.എം ഓഡിറ്റോറിയത്തിൽ സാമൂഹ്യ,​ സാംസ്‌കാരിക,​ വ്യവസായ,​വാണിജ്യ രംഗത്തെ പ്രമുഖർ, പ്രൊഫഷണലുകൾ, പ്രവാസി വ്യവസായ സംരംഭകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ജില്ലയുടെയും സംസ്ഥാനത്തിന്റെയും സമഗ്രവികസനത്തിനുതകുന്ന നിർദ്ദേശങ്ങളാണ് പ്രമുഖർ സമർപ്പിച്ചത്. 13 പേർ സദസിൽ വിഷയം അവതരിപ്പിച്ചു. 120 ഓളം പേർ എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങൾ സമർപ്പിച്ചു. ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തി. സർക്കാരിന്റെ വികസന കാഴ്ചപ്പാടിലും നയരേഖയിലും ഉൾപ്പെടുത്താൻ സാധിക്കുന്നത് ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്യമൃഗ ശല്യം സർക്കാർ ഗൗരവമായി കാണുന്നു. കാർഷികവിള നശിപ്പിക്കുന്നത് തടയാൻ തുടർനടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കും. കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയം വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതയോ പക്ഷാപാതിത്വമോ സർക്കാർ കാണിക്കില്ല. എല്ലാ വിഭാഗക്കാരെയും പരിഗണിക്കും. വ്യാപാരികൾക്ക് ബാങ്കുകളെകൂടി ഉൾപ്പെടുത്തി സഹായം നൽകുന്നത് പരിഗണനയിലുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുകയാണ് സർക്കാർ നയം.

നാക് അക്രഡിറ്റേഷനുള്ള കോളേജുകൾക്കേ പുതിയ കോഴ്സ് അനുവദിക്കാൻ സാധിക്കൂ.. എങ്കിലും സർക്കാർ സാദ്ധ്യമായത് ചെയ്യും. നമ്മുടെ കുട്ടികൾ പുറത്ത് പോയി പഠിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ കൂടുതൽ കോഴ്സുകൾ സംസ്ഥാനത്ത് തന്നെ ആരംഭിക്കും. ഔഷധക്കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സംവരണ വിഷയത്തിൽ അർഹതപ്പെട്ട ഒരു വിഭാഗത്തിന്റെയും ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ടപ്പെടില്ല. പട്ടികജാതിപട്ടിക വർഗവിഭാഗക്കാർക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തുംപോലെ മറ്റ് വിഭാഗക്കാർക്കും നടത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കും. സ്റ്റാറ്റ്യൂട്ടറി പോസ്റ്റുകളിൽ നിയമനം നടത്തുന്നതും പരിഗണിക്കും. അന്ധവിശ്വാസം നിർമ്മാർജനം ചെയ്യാൻ നിയമനിർമ്മാണം പരിഗണനയിലില്ലെങ്കിലും ആവശ്യമായ ബോധവത്ക്കരണം നടത്തും. നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടികളെടുക്കും. കായിക പരിശീലനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. സ്‌കൂൾ ഗ്രൗണ്ടുകൾ കായികപരിശീലനത്തിന് ഉപയോഗിക്കണമെന്നത് നിർദ്ദേശം നടപ്പാക്കാൻ നടപടിയെടുക്കും. മാലിന്യം കത്തിക്കുന്നത് തടയാൻ നടപടി സ്വീകരിക്കും. മഞ്ചേരി മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകും. ദുരഭിമാനക്കൊല ഉൾപ്പടെയുള്ള കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ ബോധവത്ക്കരണം നടത്തും. മലപ്പുറം കളക്ടറേറ്റിൽ റവന്യൂ ടവർ നിർമ്മിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കും. സാഹിത്യസാംസ്‌ക്കാരിക നായകർക്കായി മ്യൂസിയം പരിഗണിക്കും. ടൂറിസം മേഖലകൾക്കൊന്നായി ഒരുആപ്പ് എന്നതും ഗുണനിലവാരമനുസരിച്ച് റേറ്റിംഗ് എന്നതും പ്രാവർത്തികമാക്കാവുന്ന ആശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് സർക്കാരും മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. ചിലരുടെ നിസഹകരണമാണ് പ്രശ്നപരിഹാരത്തിന് തടസം. മരിച്ചവരോടു പോലും അനാദരവ് കാണിക്കുന്ന സ്ഥിതിയുണ്ടായി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിച്ചത്. പ്രശ്നപരിഹാരത്തിന് തുറന്ന ചർച്ചയും സമീപനവും അനിവാര്യമാണ്.

ആമുഖ പ്രഭാഷണത്തിൽ സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഓർമ്മപ്പെടുത്തുന്നതായി മുഖ്യമന്ത്രിയുടെ ലഘു പ്രസംഗം. തുടർന്ന് സംവാദത്തിൽ കൃഷി, വ്യവസായം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധർ നിർദ്ദേശങ്ങൾ പങ്കുവച്ചു