 
മഞ്ചേരി: ജില്ലയിലെ ഏറ്റവും വലിയ നഗരസഭകളിലൊന്നായ മഞ്ചേരിയെ ഇനി വനിതാ സാരഥികൾ നയിക്കും. നഗരസഭാദ്ധ്യക്ഷയായി മുസ്ലിം ലീഗിൽ നിന്നും വി.എം. സുബൈദയെ വീണ്ടും തിരഞ്ഞെടുത്തപ്പോൾ വൈസ് ചെയർപേഴ്സണായി കോൺഗ്രസിലെ അഡ്വ. ബീന ജോസഫിനെ തിരഞ്ഞെടുത്തു . 20 നെതിരെ 29 വോട്ടുകൾ നേടിയാണ് സുബൈദ തന്റെ രണ്ടാമൂഴത്തിൽ മഞ്ചേരിയുടെ ഭരണസാരഥ്യമേറിയത്.
കോൺഗ്രസിലെ ധാരണപ്രകാരം ഒന്നര വർഷത്തേക്കാണ് ബീന ജോസഫിന്റെ പുതിയ ചുമതല.18നെതിരെ 30 വോട്ടുകൾക്കാണ് ബീന ജോസഫ് തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ മരുന്നൻ സാജിദ് ബാബുവിനെ 12 വോട്ടുകൾക്ക് പരാജയപ്പെടുത്തി. മുൻ ഉപാദ്ധ്യക്ഷൻ വി.പി. ഫിറോസ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇത്തവണയും ശക്തമായി അവകാശവാദമുന്നയിച്ചെങ്കിലും കോൺഗ്രസിലെ ധാരണപ്രകാരം ആദ്യ ഒന്നര വർഷം ബീന ജോസഫിനെ സ്ഥാനമേൽപ്പിക്കാനായിരുന്നു തീരുമാനം. പിന്നീടുള്ള മൂന്നര വർഷം വി.പി. ഫിറോസിന് ഉപാദ്ധ്യക്ഷ പദവി നൽകാനാണ് നിലവിലെ ധാരണ.
പൊന്നാനി: പൊന്നാനി നഗരസഭയിൽ ശിവദാസൻ ആറ്റുപുറത്ത് ചെയർമാനും ബിന്ദു സിദ്ധാർത്ഥൻ വൈസ് ചെയർപേഴ്സണുമായി ചുമതലയേറ്റു. ചെയർമാൻ തിരഞ്ഞെടുപ്പിൽ പത്തിനെതിരെ 37 വോട്ടുകൾക്കാണ് ശിവദാസൻ വിജയിച്ചത്. യു ഡി എഫിലെ മിനി ജയപ്രകാശാണ് ശിവദാസനെതിരെ മത്സരിച്ചത്. ഒരു വോട്ട് അസാധുവായി. ബി.ജെ.പിയിലെ മൂന്നംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പത്തിനെതിരെ 38 വോട്ടുകൾക്കാണ് ബിന്ദു സിദ്ധാർത്ഥൻ തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിലെ ആയിഷ അബ്ദുവാണ് ബിന്ദുവിനെതിരെ മത്സരിച്ചത്. വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലും ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു.
നിലമ്പൂർ: യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി പാലോളി മെഹബൂബിനെ എട്ടിനെതിരെ 23 വോട്ടുകൾക്ക് പരാജയപ്പെടുത്തി സി.പി.എമ്മിന്റെ മാട്ടുമ്മൽ സലീം നഗരസഭ ചെയർമാനായി. യു.ഡി.എഫിലെ ശ്രീജ ചന്ദ്രനെ ഇതേ മാർജിനിൽ തോൽപ്പിച്ച് സി.പി.എമ്മിലെ അരുമ ജയകൃഷ്ണൻ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ചെയർമാനായി അഷ്റഫ് അമ്പലത്തിങ്ങലിനെയും വൈസ് ചെയർപേഴ്സണായി റംല മുഹമ്മദിനെയും തിരഞ്ഞെടുത്തു. 12 നെതിരെ 19 വോട്ടുകൾക്ക് എൽ.ഡി.എഫ് നോമിനികളെ പരാജയപ്പെടുത്തിയാണ് ഇരുവരും വിജയിച്ചത്. ഏക ബി.ജെ.പി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നപ്പോൾ ഇടത് വിമതനായി വിജയിച്ച സദാനന്ദൻ കൊട്ടീരിയുടെ വോട്ടുകൾ അസാധുവായി.
തിരൂരങ്ങാടി: നഗരസഭ ചെയർമാനായി മുസ്ലിംലീഗിലെ കെ.പി. മുഹമ്മദ് കുട്ടി ചുമതലയേറ്റു. കോൺഗ്രസിലെ സി.പി. സുഹറാബിയാണ് വൈസ് ചെയർപേഴ്സൺ. സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായ അലിയെയാണ് മുഹമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. 39തിൽ 35 വോട്ടും മുഹമ്മദ് കുട്ടി നേടി. സി.പി. സുഹ്റാബിക്ക് 34 വോട്ടാണ് കിട്ടിയത്. ഒന്ന് അസാധുവായി. എൽ.ഡി.എഫിലെ തയ്യിൽ ഉഷയായിരുന്നു എതിർ സ്ഥാനാർത്ഥി
പെരിന്തൽമണ്ണ: നഗരസഭ ചെയർമാനായി പി ഷാജിയേയും വൈസ് ചെയർപേഴ്സണായി എ. നസീറയേയും തിരഞ്ഞെടുത്തു.
തിരൂർ: നഗരസഭയുടെ ചെയർപേഴ്സണായി യു.ഡി.എഫിലെ ആളത്തിൽ പറമ്പിൽ നസീമ ചുമതയേറ്റു. കോൺഗ്രസിലെ രാമൻകുട്ടിയാണ്വൈസ് ചെയർമാൻ. രണ്ട് സ്വതന്ത്രരുടെ പിന്തുണയടക്കം 21 വോട്ടുകൾ നസീമക്ക് ലഭിച്ചു. എൽ.ഡി.എഫിൽ നിന്നു ഒരു വോട്ട് അസാധുവായി. 15 വോട്ടുകളാണ് ലഭിച്ചത്.ബി.ജെ.പി അംഗം വിട്ടുനിന്നു.
കോട്ടയ്ക്കൽ: നഗരസഭാ ചെയർപേഴ്സണായി മുസ്ലിം ലീഗിലെ ബുഷ്റഷബീറിനെയും വൈസ് ചെയർമാനായി പി.പി.ഉമ്മറിനെയും തിരഞ്ഞെടുത്തു.വനിതാ ലീഗ് ജില്ലാ സെക്രട്ടറിയാണ് ബുഷ്റ ഷബീർ,. ആദ്യ നഗരസഭ കൗൺസിലിൽ വൈസ് ചെയർപേഴ്സണായിരുന്നു .
കൊണ്ടോട്ടി : വനിതാ സംവരണമായ കൊണ്ടോട്ടി നഗരസഭയിൽ ചെയർപേഴ്സണായി 19ാം ഡിവിഷൻ ചെമ്പാലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗിലെ സി.ടി സുഹ്റാബി സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ വൈസ് ചെയർമാനായി കോൺഗ്രസിലെ പി. സനൂപിനെ തിരഞ്ഞെടുത്തു
താനൂർ : താനൂരിൽ ചെയർമാനായി മുസ്ലിംലീഗിലെ പി.പി. ഷംസുദ്ദീനെയും വൈസ് ചെയർപേഴ്സണായി സി.കെ. സുബൈദയെയും തിരഞ്ഞെടുത്തു.
മലപ്പുറം : നഗരസഭയിൽ ചെയർമാനായി മുജീബ് കാടേരിയേയും വൈസ് ചെയർപേഴ്സണായി കോൺഗ്രസിലെ കൊന്നോല ഫൗസിയ കുഞ്ഞിപ്പുവിനെയും തിരഞ്ഞെടുത്തു.
പരപ്പനങ്ങാടി: നഗരസഭയിൽ മുസ്ലിംലീഗിന്റെ എ. ഉസ്മാനെ ചെയർമാനായും ലീഗിന്റെ തന്നെ ഷഹർബാനുവിനെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു.