bbbb
'പൊളിച്ചുമ്മാ'... മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.കെ റഫീഖയ്ക്ക് ഉമ്മ നൽകുന്ന ഇളയ മകൻ 4 വയസ്സുള്ള സഹീൻ അഹമ്മദ്. ഫോട്ടോ : അഭിജിത്ത് രവി

മലപ്പുറം: വരുന്ന അഞ്ചു വർഷം തദ്ദേശ സ്ഥാപനങ്ങളുടെ ഭരണചക്രം തിരിക്കുന്നവരുടെ ചിത്രം തെളിഞ്ഞു. ജില്ലാ പഞ്ചായത്ത്,​ ബ്ലോക്ക്,​ ഗ്രാമ പഞ്ചായത്തുകളിലേക്കുമുള്ള പ്രസിഡന്റ്,​ വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇന്നലെ പൂർത്തിയായി. 94 പഞ്ചായത്തുകളിൽ 70 ഇടങ്ങളിൽ യു.ഡി.എഫും 24 ഇടങ്ങളിൽ എൽ.ഡി.എഫും ഭരിക്കും. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫുമാണ്. നഗരസഭകളിലെ അദ്ധ്യക്ഷരെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു.12 നഗരസഭകളിൽ പെരിന്തൽമണ്ണ,​ പൊന്നാനി,​ നിലമ്പൂർ എന്നിവിടങ്ങളിലാണ് എൽ.ഡി.എഫ് ഭരിക്കുന്നത്.

ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന എട്ട് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ അഞ്ചിടങ്ങളിൽ യു.ഡി.എഫും മൂന്നിടങ്ങളിൽ എൽ.‌ഡി.എഫും ഭരിക്കും. മേലാറ്റൂർ,​ തിരുവാലി,​ നന്നംമുക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫിനും ചുങ്കത്തറ,​ ഏലംകുളം,​ കുറുവ,​ വണ്ടൂർ,​ വാഴയൂർ പഞ്ചായത്തുകൾ യു.ഡി.എഫിനുമാണ് അധികാരം ലഭിച്ചത്. ഇ.എം.എസിന്റെ ജന്മനാടായ ഏലംകുളത്ത് ആദ്യമായാണ് യു.ഡി.എഫ് ഭരിക്കുന്നത്. നിറമരുതൂരിൽ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനം നേടി. ഇവിടങ്ങളിലൊഴികെ മറ്റ് പഞ്ചായത്തുകളിലൊന്നും അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കാര്യമായ ആകാംക്ഷകൾ ഉണ്ടായിരുന്നില്ല. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ വിജയം സുനിശ്ചിതമായിരുന്നു. അംഗങ്ങളുടെ എണ്ണത്തിൽ ബലാബലത്തിലായിരുന്ന പഞ്ചായത്തുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഇരു മുന്നണികളും നടത്തി. ബി.ജെ.പിയും എസ്.‌ഡി.പി.ഐയും തിര‌ഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. മേലാറ്റൂരിൽ ഇരുമുന്നണികൾക്കും ആറ് പേർ വീതമായിരുന്നു. ഇവിടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് അധികാരം പിടിച്ചു. നേരത്തെ യു.‌ഡി.എഫ് ഭരിച്ച പഞ്ചായത്തായിരുന്നു ഇത്. തിരുവാലിയിൽ എട്ട് പേർ വീതമാണ് ഇരുമുന്നണികൾക്കും ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെ വിജയം എൽ.ഡി.എഫിനായി. ഇടതുകോട്ടയായിരുന്ന തിരുവാലിയിൽ നേരത്തെ യു.‌ഡി.എഫ് അധികാരം പിടിച്ചിരുന്നെങ്കിലും മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ വിനയായി. ചുങ്കത്തറയിൽ പത്ത് പേർ വീതമായിരുന്നു ഇരുമുന്നണികൾക്കും. നറുക്കെടുപ്പ് യു.ഡി.എഫിനെ തുണച്ചു. വണ്ടൂരിൽ യു.ഡി.എഫിന് 12ഉും എൽ.ഡി.എഫിന് 11 പേരുമുണ്ടായിരുന്നു. ഒരു യു.ഡി.എഫ് അംഗത്തിന്റെ മരണത്തോടെ ഇവിടെയും നറുക്കെടുപ്പ് വേണ്ടിവന്നു. ഭാഗ്യം യു.‌ഡി.എഫിനെയാണ് തേടിയെത്തിയത്. എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വാഴയൂരിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. ഒരു സീറ്റുള്ള എൻ.ഡി.എ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരം പിടിച്ചു. നന്നംമുക്കിൽ യു.ഡി.എഫും എൽ.ഡി.എഫും എട്ട് സീറ്റുകളുമായി തുല്യശക്തികളായിരുന്നു. ഒരു സീറ്റുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് മാറിനിന്നു. നറുക്കെടുപ്പിൽ എൽ.‌ഡി.എഫിന് ഭരണം ലഭിച്ചു. മാറഞ്ചേരിയിൽ എസ്.ഡി.പി.ഐ വിട്ടുനിന്നതിനൊപ്പം ലീഗ് വിമതന്റെയും നിലപാടുകൾ എൽ.ഡ‌ി.എഫിനെ തുണച്ചു. എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് എട്ടും സീറ്റുകളാണുള്ളത്. യു.ഡി.എഫിലെ ഉഭയകക്ഷി ധാരണപ്രകാരം ഒമ്പത് പഞ്ചായത്തുകളിൽ ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണ്. ഭൂരിഭാഗം പഞ്ചായത്തുകളിലും മുസ്‌ലിം ലീഗാവും അഞ്ച് വർഷവും പ്രസിഡന്റ് സ്ഥാനം കൈയാളുക. ബ്ളോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പ്, പൊന്നാനി, തിരൂർ ബ്ലോക്കുകളാണ് എൽ.ഡി.എഫിന് ലഭിച്ചത്. പൊന്നാനിയിൽ സി.പി.എമ്മിലെ രാമകൃഷ്ണനും പെരുമ്പടപ്പിൽ അഡ്വ. ഇ.സിന്ധുവും പ്രസിഡന്റുമാരായി. തിരൂർ ബ്ലോക്ക് ഭരണസമിതിയുടെ കാലാവധി പൂർത്തിയായിട്ടില്ല. കേവല ഭൂരിപക്ഷം മാത്രമുള്ള നിലമ്പൂരിൽ കോൺഗ്രസിലെ പുഷ്പവല്ലി പ്രസിഡന്റായി. കാളികാവിൽ ഒരാളുടെ അധിക ബലത്തിൽ യു.ഡി.എഫ് ഭരണം നിലനിറുത്തി. ലീഗിനാണ് ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം. വണ്ടൂർ ബ്ലോക്കിൽ കോൺഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ഭരണത്തിലേറിയ മറ്റ് ബ്ലോക്കുകളിൽ ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമുണ്ട്. പത്ത് ബ്ലോക്ക് പഞ്ചായത്തുകളിൽ മുസ്‌ലിം ലീഗിനാണ് പ്രസിഡന്റ് സ്ഥാനം. മലപ്പുറം ബ്ലോക്കിൽ അഡ്വ. അബ്ദുറഹ്മാൻ കാരാട്ട്,​ അരീക്കോടിൽ റുഖിയാ ഷംസുദ്ദീൻ,​ കുറ്റിപ്പുറത്ത് വസീമ വേളേരി,​ താനൂരിൽ കെ.സൽമത്ത്,​ വേങ്ങരയിൽ എം.ബെൻസീറ,​ മങ്കടയിൽ ടി. അബ്ദുൾ കരീം, കാളികാവിൽ പി. ശ്രീജ, തിരൂരങ്ങാടിയിൽ കെ.ടി.സാജിദ,​ കൊണ്ടോട്ടിയിൽ ഷജിനി ഉണ്ണി,​ പെരിന്തൽമണ്ണയിൽ അഡ്വ. എ.കെ. മുഹമ്മദ് മുസ്തഫ എന്നിവർ പ്രസിഡന്റുമാരായി. ജില്ലയെ എം.കെ റഫീഖ നയിക്കും;

കൈയടിക്കാൻ പറഞ്ഞ് കളക്ടർ

മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ എം.കെ റഫീഖ ചുമതലയേറ്റു. ഇസ്മയിൽ മൂത്തേടമാണ് വൈസ് പ്രസിഡന്റ്. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ഓപ്പൺ ബാലറ്റിലൂടെയാണ് ജില്ലാ പഞ്ചായത്ത് സാരഥികളെ തിരഞ്ഞെടുത്തത്. 26 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.കെ.റഫീഖ തിരഞ്ഞെടുക്കപ്പെട്ടത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെയും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷവും നടന്നു. 32 അംഗങ്ങളിൽ 26 പേരുടെ പിന്തുണ റഫീഖയ്ക്കും ഇടതു സ്ഥാനാർത്ഥിയായിരുന്ന ആരിഫാ നാസറിന് അഞ്ച് വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ പ്രതീക്ഷിച്ച പോലെ തന്നെ എം.കെ.റഫീഖ ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റായി. വിജയിയുടെ പേര് വായിച്ചപ്പോൾ കൈയടിക്ക് ശക്തിപോരെന്നായി കളക്ടർ. നന്നായി കൈയടിക്കാനുള്ള കളക്ടറുടെ നിർദ്ദേശത്തിന് പിന്നാലെ കൂട്ട കൈയടി ഉയർന്നു. കളക്ടർ അടക്കമുള്ളവർക്ക് പച്ച ലഡു വിതരണം ചെയ്താണ് സന്തോഷം പങ്കിട്ടത്. തൊട്ടുപിന്നാലെ ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ,​ ജില്ലാ സെക്രട്ടറി യു.എ ലത്തീഫ് എന്നിവരെത്തി റഫീഖയെ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്തിലെ ആദ്യ വനിതാ പ്രസിഡന്റായ കെ.പി മറിയുമ്മയും​ മുൻ പ്രസി‌ഡന്റ് സുഹ്റ മമ്പാടും പുതിയ പ്രസി‌ഡന്റിനെ അഭിന്ദിക്കാനെത്തി.കുടുംബ സമേതമാണ് എം.കെ.റഫീഖ ജില്ലാ പഞ്ചായത്തിൽ എത്തിയിരുന്നത്. അവശത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകുന്ന പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് എം.കെ. റഫീഖ പറഞ്ഞു.

നിറമരുതൂരിൽ സി.പി.എം പ്രസിഡന്റ്

മലപ്പുറം: ഇരുപത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യമാവുമെന്ന് പ്രതീക്ഷിച്ച നിറമരുതൂരിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വിജയം. യു.ഡി.എഫിന് ഒരു സീറ്റിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന പഞ്ചായത്തിൽ സി.പി.എമ്മിലെ പി.പി.സെയ്തലവി പ്രസിഡന്റായി. 17 അംഗങ്ങളുള്ള വാർഡിൽ യു.ഡി.എഫിന് ഒമ്പത് പേരും എൽ.ഡി.എഫിന് എട്ടുപേരുമാണ് ഉണ്ടായിരുന്നത്. മുസ്‌ലിം ലീഗിലെ ആബിദ പുളിക്കൽ ബാലറ്റ് പേപ്പറിൽ പേരെഴുതി ഒപ്പ് വയ്ക്കാത്തതിനെ തുടർന്ന് വോട്ട് അസാധുവായി. ഇതോടെ ഇരുമുന്നണികളും തമ്മിൽ അംഗബലം തുല്യനിലയിലായതോടെ നറുക്കെടുപ്പിലൂടെ ഭരണം സി.പി.എമ്മിന് ലഭിച്ചു. അതേസമയം വൈസ് പ്രസി‌ഡന്റ് സ്ഥാനം യു.ഡി.എഫിനാണ്. മുസ്‌ലിം ലീഗിലെ ഇസ്മായിൽ പുതുശ്ശേരിയായിരുന്നു യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി.