 
മലപ്പുറം: ജനുവരി ഒന്നുമുതൽ 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർത്ഥികൾ സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കുമായി സ്‌കൂളിലെത്തുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണ്. അതിനാൽ അതീവജാഗ്രതയും സുരക്ഷാ മുൻകരുതലുകളും വേണം.
മാസ്‌ക്, സാനിറ്റൈസർ, കുടിവെള്ളം എന്നിവ വിദ്യാർത്ഥികൾ കൊണ്ടുവരണം. രക്ഷിതാക്കളുടെ സമ്മതത്തോടെയാവണം വിദ്യാർത്ഥികൾ സ്‌കൂളുകളിലെത്തേണ്ടത്. സ്‌കൂളുകളിൽ മാസ്‌ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവ സജ്ജീകരിക്കണം. ആദ്യഘട്ടത്തിൽ ഒരുസമയം പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്‌കൂളുകളിൽ അനുവദിക്കാവൂ. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണം. 10, പ്ലസ്ടു തലത്തിൽ പ്രത്യേകമായി 300 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു സമയം 50 ശതമാനം വരെ കുട്ടികൾക്ക് ഹാജരാകാം. അതിൽ കൂടുതലുള്ള സ്‌കൂളുകളിൽ ഒരുസമയം 25 ശതമാനം കുട്ടികൾ ഹാജരാകണം. കുട്ടികൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണം. ആവശ്യമെങ്കിൽ മറ്റു ക്ലാസ്റൂമുകൾ കൂടി ഉപയോഗപ്പെടുത്തണം. കൊവിഡ് രോഗബാധിതർ (കുട്ടികൾ, അദ്ധ്യാപകർ, സ്‌കൂൾ ജീവനക്കാർ), രോഗലക്ഷണങ്ങളുള്ളവർ, ക്വാറന്റൈനിലുള്ളവർ എന്നിവർ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്കുശേഷം മാത്രമേ സ്‌കൂളുകളിൽ ഹാജരാകാവൂ. കൊവിഡ് പൊസിറ്റീവ് ആയിട്ടുള്ള രോഗികളുടെ വീടുകളിൽ നിന്ന് വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, മറ്റു ജീവനക്കാർ എന്നിവർ സ്‌കൂളുകളിൽ വരാതിരിക്കുന്നതാണ് അഭികാമ്യം. സ്‌കൂളുകളിൽ മതിയായ അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണം. സ്‌കൂൾ പരിസരം, ഫർണ്ണിച്ചറുകൾ, സ്റ്റേഷനറി, സ്റ്റോർ റൂം, വാട്ടർ ടാങ്ക്, അടുക്കള, കാന്റീൻ, ടോയ്‌ലെറ്റ് , ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കണം.
ജലജന്യരോഗങ്ങളും ഭീഷണി
കൊവിഡിനൊപ്പം ജലജന്യരോഗങ്ങളും കണ്ടുതുടങ്ങിയിട്ടുള്ളതിനാൽ കുടിവെള്ളടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും അണുവിമുക്തമാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തണം. സ്റ്റാഫ് റൂമിൽ അദ്ധ്യാപകർക്ക് നിശ്ചിത അകലം പാലിച്ചു ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകൾ കഴുകുന്ന സ്ഥലം, വാഷ്റൂം തുടങ്ങിയ സ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി നിശ്ചിത അകലത്തിൽ അടയാളങ്ങൾ രേഖപ്പെടുത്തണം. സ്‌കൂൾ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. വാഹനത്തിന്റെ ജനാലകളിൽ കർട്ടനുകൾ ഇടരുത്.എല്ലാ ജനാലകളും തുറന്നിടണം. ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന നടത്തും
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ജില്ലാകളക്ടർ, ജില്ലാപൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗം, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധന നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന ഭരണ സമിതികളും ജനപ്രതിനിധികളും സ്‌കൂളുകളിൽ ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നതിന് മുന്നിട്ടിറങ്ങണം
കെ. ഗോപാലകൃഷ്ണൻ
ജില്ലാകളക്ടർ