bvb

മലപ്പുറം: പുലർച്ചെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തിയതോടെ നിലമ്പൂർ സ്പെഷൽ ട്രെയിനിലെത്തുന്ന യാത്രക്കാർ പെരുവഴിയിൽ. കൊവിഡിനെ തുടർന്ന് ഒമ്പതുമാസം മുമ്പ് നിറുത്തിവച്ച രാജ്യറാണിക്ക് പകരം ഇതേ റൂട്ടിൽ നിലമ്പൂർ - കൊച്ചുവേളി സ്പെഷൽ ട്രെയിൻ ഡിസംബർ ഒമ്പത് മുതൽ സർവീസ് തുടങ്ങിയിട്ടുണ്ട്. നിലമ്പൂരിൽ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.50നാണ് കൊച്ചുവേളിയിലെത്തുക. മിക്ക ദിവസങ്ങളിലും കൊച്ചുവേളിയിൽ എത്തേണ്ട സമയത്തിന് അരമണിക്കൂർ മുമ്പ് വരെ ട്രെയിൻ എത്തുന്നുണ്ട്. നേരത്തെ രാജ്യറാണി നിലമ്പൂരിൽ എത്തുമ്പോൾ ഒരു എ.സി അടക്കം രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് സർവീസ് നടത്തിയിരുന്നു. കുറഞ്ഞ ചെലവിലും കാത്തുനിൽക്കാതെയും നഗരത്തിൽ എത്താമെന്നതിനാൽ യാത്രക്കാ‌ർക്കിത് ഏറെ സഹായകമായിരുന്നു.

സ്പെഷൽ ട്രെയിൻ സ‌ർവീസ് തുടങ്ങിയതിന് പിന്നാലെ ആദ്യത്തെ രണ്ടുദിവസം മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത്. യാത്രക്കാ‌ർ കുറവാണെന്ന് ചൂണ്ടിക്കാട്ടി സർവീസ് നിറുത്തുകയായിരുന്നു. തുടക്കത്തിൽ യാത്രക്കാർ കുറവായിരുന്നെങ്കിലും നിലവിൽ ട്രെയിൻ ടിക്കറ്റ് കിട്ടാൻ നേരത്തെ ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിൽ നിന്ന് കൊച്ചുവേളിയിലേക്ക് മൂന്ന് ദിവസത്തേക്ക് സ്ലീപ്പർ ടിക്കറ്റ് ലഭ്യമല്ല. ഏതാനും ആർ.എ.സി ടിക്കറ്റുകൾ മാത്രമാണുള്ളത്. ഉയർന്ന ക്ലാസുകളിൽ ടിക്കറ്റുണ്ടെങ്കിലും ഇതും എണ്ണപ്പെട്ടതാണ്. എറണാകുളത്തേക്ക് ടിക്കറ്റ് തന്നെ ലഭ്യമല്ല. അവധി ദിവസങ്ങളോട് അനുബന്ധിച്ച് ടിക്കറ്റ് ലഭിക്കാൻ ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യണം. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോഴും സർവീസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയ്യാറായിട്ടില്ല. പുലർച്ചെയുള്ള സർവീസിന് ജീവനക്കാർ‌ താത്പര്യം കാണിക്കാത്തതും ഇതിന് കാരണമാണ്.

പുലർച്ചെ കൊച്ചുവേളിയിലെത്തുന്ന യാത്രക്കാരായ സ്ത്രീകളും പ്രായമായവരുമടക്കം സ്റ്റേഷന് മുന്നിൽ യാത്രാമാർഗ്ഗങ്ങൾക്കായി കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കൊച്ചുവേളിയിൽ നിന്ന് തമ്പാനൂരിലേക്ക് പത്ത് കിലോമീറ്ററോളവും റിജ്യണൽ കാൻസർ സെന്ററിലേക്ക് അഞ്ച് കിലോമീറ്ററുമാണ് ദൂരം. ചികിത്സയ്ക്കായി വരുന്ന യാത്രക്കാർ ഏറെയുണ്ട്. ഇതിൽ പലരും നിർധന രോഗികളാണ്. കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങിയതോടെ ഓട്ടോറിക്ഷകളാണ് ആശ്രയം. കഴുത്തറുപ്പൻ നിരക്കാണ് ഇവർ ഈടാക്കുന്നത്. തമ്പാനൂരിലേക്ക് 200 മുതൽ 250 രൂപ വരെ ഈടാക്കും. യാത്രക്കാരുടെ എണ്ണം കുറവും ഓട്ടോറിക്ഷകൾ കൂടുതലുമാണെങ്കിൽ 200 രൂപയ്ക്കുള്ളിൽ സർവീസ് നടത്തും. ഇതല്ലെങ്കിൽ ചോദിക്കുന്ന തുക നൽകേണ്ടി വരും. ഒരാൾക്ക് 60 രൂപ ഈടാക്കി അഞ്ചുപേരെ വരെ കുത്തിനിറച്ചു കൊണ്ടുപോവുന്നവരുമുണ്ട്. നേരം പുലർന്ന ശേഷം ഒരുകിലോമീറ്ററോളം നടന്ന് വേൾഡ് മാർക്കറ്റ് എത്തിവേണം ബസ് പിടിക്കാൻ എന്നതിനാൽ ചൂഷണത്തിന് വഴങ്ങേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

ആദ്യ രണ്ട് ദിവസം യാത്രക്കാർ തീരെ കുറവായതിനെ തുടർന്നാണ് ബസ് സർവീസ് നിറുത്തിവെച്ചത്. വൈകാതെ സർവീസ് തുടങ്ങാൻ നടപടിയെടുക്കും.

എൻ.കെ. ജേക്കബ് സാം ലോപ്പസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ,​ തിരുവനന്തപുരം സിറ്റി.