
ചിറ്റൂർ: നഗരസഭ നിലവിൽ വന്നത് മുതൽ യു.ഡി.എഫിനെ മാത്രം വിജയിപ്പിച്ച ചരിത്രത്തിന് മാറ്റമുണ്ടാകുമോ, കോൺഗ്രസ് ആധിപത്യത്തിന് തുടർച്ചയുണ്ടാകുമോ എന്നാണ് പ്രദേശത്തെ വോട്ടർമാർ പ്രധാനമായും ഉറ്റുനോക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ തലവേദന ജില്ലാ നേതൃത്വം ഇടപ്പെട്ട് താൽക്കാലികമായി പരിഹരിച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നില മെച്ചപ്പെടുത്തുക എന്നതിനപ്പുറം ഭരണം പിടിച്ചെടുക്കുകയെന്നതാണ് ഇടത് ക്യാമ്പ് ലക്ഷ്യമിടുന്നത്. യു.ഡി.എഫിനെക്കാൾ മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിടാൻ കഴിഞ്ഞതും എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നു.
കിഴക്കൻ മേഖലയിലെ ചില പഞ്ചായത്തുകളിൽ ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കിലും നഗരസഭാ പരിധിയിൽ പിന്നിലുള്ള ബി.ജെ.പി ഇത്തവണ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ചിട്ടയായ പ്രവർത്തനത്തിലാണ്. 29 സീറ്റിൽ യു.ഡി.എഫിന് 18ഉം എൽഡി.എഫിന് 11ഉം ആണ് കക്ഷിനില. ഇത്തവണ സ്ത്രീ സംവരണം കൂടുതലാണ്. സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്കും യുവാക്കൾക്കും മുന്നണികൾ കൂടുതൽ പ്രധാന്യം നൽകിയിട്ടുണ്ട്.
ഭരണത്തുടർച്ചയ്ക്ക് യു.ഡി.എഫ്
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി വലിയ ചേരിതിരിവ് യു.ഡി.എഫിൽ ആദ്യം പ്രകടമായിരുന്നു. നഗരസഭാദ്ധ്യക്ഷന്റേതുൾപ്പെടെ പ്രമുഖരുടെ പേര് വെട്ടിയതും യുവാക്കൾക്ക് അർഹിച്ച പ്രതിനിധ്യം നൽകാതിരുന്നതും പലരും സ്വതന്ത്രരായി പത്രിക നൽകുന്നതിലേക്ക് നയിച്ചു. ഇത് പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട ജില്ലാ നേതൃത്വം ഇടപെട്ടാണ് അവസാന നിമിഷം പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലത്തെ ഭരണ പരാജയം എൽ.ഡി.എഫ് ആരോപിക്കുമ്പോൾ സംസ്ഥാന സർക്കാരിനെ ഉലയ്ക്കുന്ന വിവാദങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ഭരണത്തിലേറാൻ എൽ.ഡി.എഫ്
നഗരസഭാ ഭരണത്തിൽ കുറഞ്ഞതൊന്നും എൽ.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നില്ല. കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റ് ഇത്തവണ കേവല ഭൂരിപക്ഷത്തിലേക്കെത്തിക്കാനാണ് ശ്രമം. കാർഷക മേഖലയിലെ വികസനം, ബസ് സ്റ്റാന്റ് കെട്ടിടം, ലൈഫ് പദ്ധതി എന്നിവയാണ് പ്രധാന പ്രചാരണ വിഷയം. മുഴുവൻ വാർഡുകളിലും കൺവെൻഷൻ പൂർത്തിയാക്കി അഞ്ചാംഘട്ട പ്രചാരണത്തിന് തുടക്കമിട്ടു. പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
ശക്തി തെളിയിക്കാൻ എൻ.ഡി.എ
കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി എന്നിവിടങ്ങൾ എൻ.ഡി.എ.യെ നയിക്കുന്ന ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. നഗരസഭയിൽ ബി.ജെ.പിക്ക് ഇതുവരെ ഒരു പ്രതിനിധിയുണ്ടായിട്ടില്ല. ഇത്തവണ അതിന് പരിഹാരമാകുമെന്ന് നേതൃത്വം ഉറപ്പിക്കുന്നു. പല വാർഡുകളിലും ജയപരാജയം തീരുമാനിക്കുക ബി.ജെ.പി പിടിക്കുന്ന വോട്ടാകും. 29ൽ 20 സീറ്റിലും ബി.ജെ.പി മത്സരിക്കുന്നുണ്ട്. ബി.ഡി.ജെ.എസ് സഖ്യവും പ്രതീക്ഷ വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.