പാലക്കാട്: ദീർഘദൂര ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും വിശ്രമം ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആർ.ടി.സി എ.സി സ്റ്റാഫ് സ്ലീപ്പർ ബസ് പാലക്കാട്ടും. എട്ട് മണിക്കൂർ ജോലിക്ക് ശേഷം വിശ്രമിക്കുന്നതിനും ഡ്യൂട്ടി മാറുന്നതിനുമാണ് പുതിയ സംവിധാനം. കാലാവധി കഴിഞ്ഞ ബസുകളാണ് എ.സി സ്ലീപ്പറാക്കി മാറ്റുന്നത്.
അപകട രഹിത യാത്ര ലക്ഷ്യമിട്ടാണ് പദ്ധതി. എടപ്പാളിൽ നിർമ്മിച്ച ഒരു സ്ലീപ്പർ ബസ് കഴിഞ്ഞ ദിവസം പാലക്കാട്ടെത്തി. 16 ബർത്തും ജീവനക്കാരുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ലോക്കറുകളും ഡൈനിംഗ് ഹാളും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. തുടർച്ചയായി ഡ്യൂട്ടി ചെയ്യുമ്പോൾ വേണ്ടത്ര വിശ്രമം ലഭിക്കാതെ ജീവനക്കാർ ക്ഷീണിതരാവുന്നത് അപകടങ്ങൾക്ക് കാരണമാകും. ഇതിന് പരിഹാരമായാണ് എം.ഡി ബിജു പ്രഭാകർ മുൻകൈയെടുത്ത് എ.സി സ്ലീപ്പർ തയ്യാറാക്കുന്നത്.
കഴിഞ്ഞ ദിവസം മുതൽ ഡ്യൂട്ടി ഷിഫ്‌റ്റ് ആരംഭിച്ചു. ടയർ ഉണ്ടെങ്കിലും കുലുക്കം ഒഴിവാക്കുന്നതിന് പ്രത്യേകം ഘടിപ്പിച്ച സ്റ്റാന്റിലാണ് സ്ലീപ്പർ ബസ് നിൽക്കുന്നത്. ബസ് സ്റ്റാന്റിനകത്തെ ഗ്യാരേജിന് സമീപമാണ് പാർക്ക് ചെയ്തിരിക്കുന്നത്. പാലക്കാടിന് പുറമെ ബത്തേരി, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സ്ലീപ്പർ ബസുകൾ എത്തിക്കുന്നുണ്ട്.