 
പാലക്കാട്: പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അവ ശേഖരിച്ച് തരം തിരിച്ച് ശരിയായി സംസ്കരിച്ചില്ലെങ്കിൽ മാലിന്യ പ്രശ്നം സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ സ്ഥാപിച്ചവർ തന്നെ ശേഖരിച്ച് തരം തിരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനകൾക്ക് കൈമാറണം. ശാസ്ത്രീയ പുനഃചംക്രമണത്തിനായി അത് കൈമാറും. ഉപയോഗ ശേഷം വലിച്ചെറിയുന്ന വോട്ടേഴ്സ് സ്ലിപ്പും ശേഖരിച്ച് കൈമാറാം.
തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സഹായത്തിന് ഹരിത മിഷനെയും ശുചിത്വ മിഷനെയും ബന്ധപ്പെടാം.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ, കൗണ്ടറുകൾ എന്നിവ അലങ്കരിക്കുന്നതിന് പ്ലാസ്റ്റിക് ഒഴിവാക്കണം. ഉപയോഗ ശൂന്യമായ പേപ്പറുകൾ, പാഴ് വസ്തുക്കൾ എന്നിവ ബിന്നുകളിൽ നിക്ഷേപിച്ച് ഹരിത സേനയ്ക്ക് കൈമാറാം. പ്ലാസ്റ്റിക് കുപ്പി, ഡിസ്പോസബിൾ പാത്രം എന്നിവ പൂർണമായി ഒഴിവാക്കാം. നിശ്ചിത ഇടവേളകളിൽ ഓഫീസുകൾ അണുവിമുക്തമാക്കുന്നതിന് ഹരിത സേനയുടെ സേവനം പ്രയോജനപ്പെടുത്താം.
ഹരിത ചട്ട പാലനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ശുചിത്വ മിഷൻ, ഹരിത മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രിന്റിംഗ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരുന്നു. നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.