
പാലക്കാട്: കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യുന്നതിനുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിനായി ഇതുവരെ ശേഖരിച്ചത് 6422 പേരുടെ വിവരം.
ഇതിൽ 2524 പേർ കൊവിഡ് പോസിറ്റീവ് രോഗികളും 3898 പേർ ക്വാറന്റൈനിൽ കഴിയുന്നവരുമാണ്. പോസിറ്റീവ് രോഗികളിൽ എട്ടുപേർ മറ്റു ജില്ലക്കാരാണ്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ശേഖരിച്ച വിശദാംശം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറും. തുടർന്ന് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർമാർ സ്പെഷ്യൽ ഓഫീസർമാർക്ക് ബാലറ്റ് പേപ്പർ കൈമാറും.
സ്പെഷൽ ഓഫീസർ മുഖേനയാണ് രോഗികൾക്ക് ബാലറ്റ് പേപ്പർ ലഭിക്കുക. ജില്ലയിൽ ഒമ്പതിന് വൈകിട്ട് മൂന്നുവരെയാണ് കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വിവരം ശേഖരിക്കുക. കൊവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരുമായ എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.