
അലനല്ലൂർ: യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിലെ എടത്തനാട്ടുകര ഡിവിഷൻ പിടിച്ചെടുക്കാൻ കച്ചമുറുക്കി ഇടതുപക്ഷം. സാങ്കേതിക കാരണങ്ങളാൽ മുന്നണി നിശ്ചയിച്ച ഒൗദ്യോഗിക സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയത് തിരിച്ചടിയായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടതുപക്ഷം ഏറെ ആത്മവിശ്വാസത്തിലാണ്.
ശരാശരി 2000 വോട്ടിന് സ്ഥിരമായി യു.ഡി.എഫ് വിജയിക്കുന്ന ഡിവിഷൻ പിടിച്ചെടുക്കാൻ അലനല്ലൂർ സർവീസ് സഹകരകണ ബാങ്ക് പ്രസിഡന്റും മുതിർന്ന നേതാവുമായ കെ.അബൂബക്കറിനെയാണ് ഇടതുമുന്നണി ആദ്യം തീരുമാനിച്ചിരുന്നത്. പൊതുകരാറുകളിൽ ഏർപ്പെടുന്ന വ്യക്തികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അയോഗ്യതയാണെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടക്കാല ഉത്തരവാണ് കെ.അബൂബക്കറിനും ഇടതുമുന്നണിക്കും വിനയായത്. തുടർന്ന് ഡമ്മി പത്രിക നൽകിയ പ്രജീഷ് പ്ലാക്കൽ ഒൗദ്യോഗിക സ്ഥാനാർത്ഥിയായി. യു.ഡി.എഫിനായി ഷാനവാസാണ് ജനവിധി തേടുന്നത്.
ജനപിന്തുണ വോട്ടാകും: കെ.അബൂബക്കർ
മത്സരത്തിൽ നിന്ന് ഒഴിവായെങ്കിലും എടത്തുനാട്ടുകരയിലെ തന്റെ ജനപിന്തുണ ഇടതുക്യാമ്പിൽ വോട്ടാക്കാനുള്ള തിരക്കിലാണ് കെ.അബൂബക്കർ. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ തനിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട ജനങ്ങൾക്ക് മുമ്പിൽ വീണ്ടും മുന്നണി സ്ഥാനാർത്ഥി പ്രജീഷിന് വേണ്ടി പ്രചാരണ രംഗത്ത് സജീവമാണ് അദ്ദേഹം.
എടത്തുനാട്ടുകരയിലെ രാഷ്ട്രീയ- പൊതുമണ്ഡലത്തിൽ സജീവമായ അബൂബക്കർ തന്റെ വ്യക്തബന്ധം ഇടതുമുന്നണിയുടെ വിജയത്തിനായി വിനിയോഗിക്കുകയാണ്. മണ്ണാർക്കാട് മേഖലയിൽ സി.പി.എം- സി.പി.ഐ നേർക്കുനേർ മത്സരമുണ്ടെങ്കിലും എടത്തുനാട്ടുകരയിൽ ഇടതുപക്ഷം ഒറ്റക്കെട്ടാണെന്ന് അബൂബക്കർ പറയുന്നു.