
പാലക്കാട്: സുസ്ഥിര ഭരണം സുതാര്യ ഭരണം എന്ന മുദ്രാവാക്യമുയർത്തിയാണ് ബി.ജെ.പി പാലക്കാട് നഗരസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും നഗരസഭ മുൻ വൈസ് ചെയർമാനുമായി സി.കൃഷ്ണകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അമൃത് പദ്ധതിയിലുൾപ്പെടുത്തി 221 കോടി രൂപയുടെ പ്രവർത്തികളാണ് നഗരത്തിൽ പുരോഗമിക്കുന്നത്. ഇതിൽ 60ശതമാനം പൂർത്തിയായി. മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ലോകബാങ്കിന്റെ സഹായത്തോടെ 22 കോടി ചെലവിൽ ആധുനിക സംവിധാനത്തോടെയുള്ള മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് ടെണ്ടർ പൂർത്തിയായി. പുതുപ്പള്ളി തെരുവിൽ 11.03 കോടിയുടെ ആധുനിക അറവുശാലയുടെ നിർമ്മാണം ഉടനെ പൂർത്തിയാക്കും. 24 മണിക്കൂർ കുടിവെള്ള ലഭ്യമാക്കുന്നതിനും പദ്ധതിയും സ്റ്റേഡിയം ബസ് സ്റ്റാൻഡ് അന്തരാഷ്ട്ര നിലവാരത്തിലാക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ടെന്ന് പാലക്കാട് നഗരസഭയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ റിപ്പോർട്ട് കാർഡും വികസന രേഖയും പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു.
നഗരത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ നടക്കുമ്പോൾ എം.പിയും എം.എൽ.എയും അതിന് തുരങ്കം വെക്കാനാണ് ശ്രമിച്ചത്. നഗരസഭയുടെ ചരിത്രത്തിൽ 1979ൽ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി കാലാവധി പൂർത്തിയാക്കിയതൊഴിച്ചാൽ തുടർന്ന് 40 വർഷത്തോളം ഇടതിന്റെയും വലതിന്റെയും ചെയർമാൻമാർക്ക് അഞ്ചുവർഷം പൂർത്തിയാക്കാതെ കസേര ഒഴിയേണ്ടിവന്ന സാഹചര്യമാണുണ്ടായത്. സംസ്ഥാനത്ത് ആദ്യമായി നഗരസഭയുടെ ഭരണത്തിലേറിയ ബി.ജെ.പിക്ക് കാലാവധി പൂർത്തിയാക്കാനായത് വലിയ നേട്ടമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ്, പ്രമീള ശശിധരൻ, പി.സ്മിതേഷ് എന്നിവർ പങ്കെടുത്തു.