
മാന്ത്രിക സംഖ്യയോ കൂട്ടുമുന്നണിയോ
മണ്ണാർക്കാട്: പ്രചാരണം മൂർദ്ധന്യത്തിലെത്തിയതോടെ നഗരസഭയുടെ വിധിയെഴുത്തും പ്രവചനാതീതമാകുന്ന കാഴ്ചയാണ് എങ്ങും. ആദ്യ നഗരസഭ ഭരണം കൂട്ടുമുന്നണി നടത്തേണ്ടി വന്ന സാഹചര്യം ആവർത്തിക്കാതെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ ഇടത്-വലത് മുന്നണികൾ തീവ്രശ്രമം നടത്തുമ്പോൾ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ.
29 വാർഡുള്ള നഗരസഭയിൽ ഭരണത്തിലെത്താനുള്ള മാന്ത്രിക സംഖ്യ 15 ആണ്. കഴിഞ്ഞ തവണ 13-13 എന്ന നിലയിൽ എൽ.ഡി.എഫും യു.ഡി.എഫും എത്തിയപ്പോൾ ബി.ജെ.പി മൂന്ന് സീറ്റ് നേടി. വിമത ശല്യം, മുന്നണിക്കുള്ളിലെ പടലപിണക്കം, രാഷ്ട്രീയമായ അടിയൊഴുക്കുകൾ എന്നിവ എല്ലാ മുന്നണികളിലും ഒരുപോലെ പരസ്യമായി പ്രകടമാകുമ്പോൾ ഒരു ഫോട്ടോ ഫിനിഷിലേക്ക് കാര്യങ്ങളെത്താനുള്ള സാഹചര്യം ഇത്തവണയുമുണ്ട്. എൻ.ഡി.എ പിടിക്കുന്ന സീറ്റുകളുടെ എണ്ണവും ഭരണത്തെ സ്വാധീനിക്കും. നഗരത്തിന്റെ സമഗ്ര വികസനത്തിന് വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു മുന്നണി ഭരണവും കരുത്തോടെ ഒരു പ്രതിപക്ഷവും ഉദയം ചെയ്യണമെന്നതിൽ നഗരവാസികൾക്കിടയിൽ ഏകാഭിപ്രായമാണ്.
മുന്നണികളുടെ വെല്ലുവിളി
സി.പി.എം-സി.പി.ഐ ഭിന്നതയാണ് എൽ.ഡി.എഫ് നേരിടുന്ന പ്രതിസന്ധി. പ്രത്യക്ഷത്തിൽ നാല് വാർഡുകളിലാണ് ഇരുപാർട്ടികളും നേരിട്ട് ഏറ്റുമുട്ടുന്നതെങ്കിലും ബാക്കി വാർഡുകളിലും മാനസികമായ അകൽച്ചയിലാണ് പ്രവർത്തകരെന്നത് പരസ്യമായ രഹസ്യമാണ്. പല വാർഡുകളിലും ഇരുപാർട്ടികളുടെയും ആശിർവാദത്തോടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ രംഗത്തുള്ളതും എൽ.ഡി.എഫിലെ കല്ലുകടിയാണ്.
ഏതാനും വാർഡുകളിലെങ്കിലും വിമതന്മാർ മത്സരിക്കുന്നതാണ് യു.ഡി.എഫിന്റെ തലവേദന. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ അവഗണിച്ചെന്ന വിവാദവും വലതുപക്ഷത്തിന് പാരയാകുന്നു. വടക്കേക്കര വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ വിവാദവും നാണക്കേടായി.
വൻ മുന്നേറ്റം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും നിലവിലുള്ള മൂന്ന് സീറ്റുകൾ നിലനിറുത്തുകയെന്നത് ബി.ജെ.പി.ക്ക് അഭിമാന പ്രശ്നമാണ്. പല വാർഡുകളും ശക്തികേന്ദ്രങ്ങളായി കാണുമ്പോഴും അവിടെയെല്ലാം വിജയിച്ചു കയറാനുള്ള സാഹചര്യമുണ്ടാക്കുക എന്നതും നേതൃത്വത്തിന് വെല്ലുവിളിയാകുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ സീറ്റെങ്കിലും പിടിച്ചെടുക്കാനുറച്ച് വെൽഫെയർ പാർട്ടിയും ശക്തമായ പോരാട്ടത്തിലാണ്.
കൂട്ടുമുന്നണി സാദ്ധ്യത
നിലവിലെ മൂന്ന് സീറ്റുകളിൽ നിന്നും ബി.ജെ.പി കൂടുതൽ നേട്ടമുണ്ടാക്കിയാൽ അത് നഗരസഭ ഭരണം പിടിക്കുവാൻ ഇടതു-വലതു മുന്നണികളെ ഒരുപോലെ പ്രതിസന്ധിയിലാക്കും. ഇരുമുന്നണികൾക്കും 15ൽ താഴെ മാത്രം സീറ്റ് ലഭിച്ചാൽ അത് വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും. ബി.ജെ.പി പിന്തുണയിൽ ഭരിക്കാൻ ഇരുമുന്നണികളും താല്പര്യപ്പെടാത്ത സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന കൂട്ടുമുന്നണി ഭരണം ആവർത്തിക്കും.