
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇ.വി.എം കമ്മിഷനിംഗ് ഇന്ന് പൂർത്തിയാകും. റിട്ടേണിംഗ് ഓഫീസർ തലത്തിൽ കമ്മിഷൻ ചെയ്ത ഇ.വി.എമ്മുകൾ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രോംഗ് റൂമുകളിലാണ്. വോട്ടെടുപ്പിന് തലേദിവസം ഒമ്പതുവരെ ഇ.വി.എമ്മുകൾ ഇവിടെ സൂക്ഷിക്കും.
നഗരസഭകളിലും ഇ.വി.എം കമ്മീഷനിംഗ് ഇന്ന് നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ബാലറ്റ് പേപ്പർ വെച്ച് പോളിംഗിനായി തയ്യാറാക്കുന്ന പ്രക്രിയയാണ് കമ്മിഷനിംഗ്. ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകൾ സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിലാണ് കമ്മിഷനിംഗ് നടത്തുക.
വിതരണം ഇന്ന്
സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം ഇന്ന് ജില്ലാ ആശുപത്രി ഡ്രഗ് വെയർ ഹൗസിൽ നടക്കും. കൊവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കാനാണ് സ്പെഷ്യൽ പോളിംഗ് ടീമിനെ ഏർപ്പെടുത്തിയിട്ടുള്ളത്.
സ്പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, പൊലീസ്, ഡ്രൈവർ എന്നിവരാണ് ടീമിലുള്ളത്. ആദ്യഘട്ട വിതരണം രണ്ടിന് നടന്നു. ബ്ലോക്ക്/ മുനിസിപ്പൽ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട അധികൃതർ പ്രതിരോധ സാമഗ്രി വാങ്ങി പഞ്ചായത്തുകളിലേക്ക് നൽകും. പി.പി.ഇ കിറ്റ്, സാനിറ്റൈസർ, ഫേസ് മാസ്ക് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.