mango

കൊല്ലങ്കോട്: വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കേ മാംഗോ സിറ്റിയായ മുതലമടയിൽ തീപാറുന്ന പോരാട്ടമാണ് ഇത്തവണ.

മുന്നണികളുടെയും സ്വതന്ത്രരായി നിൽക്കുന്നവരുടെയുമടക്കം ഭാഗ്യചിഹ്നമായി മാങ്ങ മാറിയതും പഞ്ചായത്തിലെ പോരാട്ടം ശ്രദ്ധേയമാക്കുന്നു. ആറ് സ്ഥാനാർത്ഥികളാണ് വിവിധ വാർഡുകളിൽ മാങ്ങയെ കൂട്ടുപിടിച്ച് ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.

20 വാർഡുള്ള പഞ്ചായത്തിൽ വ്യത്യസ്തമായ വിഷയങ്ങളാണ് ചർച്ചയാകുന്നത്. ഭരണം നിലനിറുത്താൽ എൽ.ഡി.എഫ് ശ്രമം തുടരുമ്പോൾ പഞ്ചായത്തിൽ അധികാരത്തിലേറാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. നില മെച്ചപ്പെടുത്താൻ എൻ.ഡി.എ.യും സജീവമാണ്.

കഴിഞ്ഞ ഭരണസമിതിയിലെ സി.പി.എം സ്ഥാനാർത്ഥിയും മാങ്ങാ കർഷനുമായ താജുദ്ദീൻ പാർട്ടിയിൽ നിന്നുമാറി മാങ്ങാചിഹ്നത്തിൽ മൂന്നിലധികം സ്ഥാനാർത്ഥികളെ നിറുത്തി സ്വതന്ത്രമായി മത്സര രംഗത്തുണ്ട്. ഘടകകക്ഷികളായ ജനതാദൾ എസ്, എൽ.ജെ.ഡി.ക്ക് സീറ്റ് നൽകാത്തതിനാൽ ഇവരും മത്സര രംഗത്തുണ്ട്.

കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ശെൽവൻ 12-ാം വാർഡിലും സൗദാ ബീഗം 19ലും കല്പനാദേവി 19ലും മത്സരിക്കുന്നുണ്ട്. ഇവരെ ആറുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി അറിയിച്ചതോടെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൊട്ടിത്തെറിയുടെ വക്കിലാണ്.

കഴിഞ്ഞ തവണ നാലുസീറ്റ് നേടിയ എൻ.ഡി.എ സംഖ്യം ഇത്തവണ ബി.ഡി.ജെ.എസ് കൂടിയെത്തിയതോടെ എറെ പ്രതീക്ഷിക്കുന്നു. കൂടുതൽ സീറ്റ് നേടാൽ കഴിഞ്ഞാൽ മുഖ്യപ്രതിപക്ഷമായി തീരുമെന്നാണ് കണക്കുകൂട്ടൽ. ശക്തമായ ത്രികോണ മത്സരമാണ് പഞ്ചായത്തിൽ നിലവിലുള്ളത്.

മാങ്ങ മധുരിക്കുമോ?

മാംഗോ സിറ്റിയിൽ മാങ്ങയാണ് സ്ഥാനാർത്ഥികളുടെ ഭാഗ്യചിഹ്നമായി നിറയുന്നത്. 2010ൽ എസ്.വി.ശെൽവൻ, എസ്.അവാനുള്ള, അരവിന്ദാക്ഷൻ എന്നിവർ മാങ്ങ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതോടെയാണ് ഇത്തവണ ആറ് വാർഡുകളിലായി മാങ്ങാചിഹ്നത്തിൽ കൂടുതൽ സ്ഥാനാർത്ഥികൾ രംഗപ്രവേശം ചെയ്തത്.

അരവിന്ദാക്ഷൻ ബി.ജെ.പി സ്ഥാനാർത്ഥിയാണെങ്കിലും മാങ്ങയാണ് ചിഹ്നം. സി.പി.എം വിട്ട് സ്വതന്ത്രമായി മത്സരിക്കുന്ന മാങ്ങാ കർഷകൻ താജുദ്ദീൻ, 19-ാം വാർഡിലെ എൽ.ഡി.എഫിന്റെ ഖദീജ മൂസ, 18ൽ ബി.ഹക്കീം, 15ൽ എസ്.ഡി.പി.ഐ.യുടെ നിഷാന നാസർ, എട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥി ചിത്രകല എന്നിവരും മാങ്ങാ ചിഹ്നത്തിലാണ് വോട്ട് തേടുന്നത്. മാങ്ങയുടെ തിരഞ്ഞെടുപ്പ് രുചി ആർക്കൊക്കെ മധുരിക്കുമെന്നത് ഈ മാസം 16ന് വോട്ടെണ്ണുമ്പോൾ അറിയാം.

കക്ഷിനില

2015ലെ തിരഞ്ഞെടുപ്പിൽ 20 വാർഡിൽ പത്തെണ്ണം നേടി എൽ.ഡി.എഫ് അധികാരത്തിലെത്തി. യു.ഡി.എഫ്-അഞ്ച്, ബി.ജെ.പി-നാല്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് ബാക്കി വിജയികൾ.