kanal
കാഞ്ഞിരപ്പുഴ ഇടത് കനാലിൽ തുറന്നുവിട്ട വെള്ളം ചോർച്ചയുണ്ടായ നെല്ലിക്കുന്ന് ഭാഗത്ത് എത്തിയപ്പോൾ.

തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകര കനാലിൽ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോർച്ചയ്ക്ക് ദ്രുതഗതിയിൽ പരിഹാരം കണ്ടതോടെ ഞായറാഴ്ച മുതൽ ജലവിതരണം പുനഃരാരംഭിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൃഷിയാവശ്യത്തിനായി കനാൽ വഴി വെള്ളം തുറന്നുവിട്ടത്. പൊന്നങ്കോടും നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തും ചോർച്ചയുണ്ടായതിനെ തുടർന്ന് ജലവിതരണം അന്നുതന്നെ നിറുത്തി. ഇത് താൽക്കാലികമായി പരിഹരിച്ച് പിറ്റേദിവസം വീണ്ടും വെള്ളം വിട്ടെങ്കിലും നെല്ലിക്കുന്ന് ഭാഗത്തെ ചോർച്ച പ്രതികൂലമായി ബാധിച്ചതോടെ അടച്ചു. ശാശ്വതമായി പ്രശ്നം പരിഹരിക്കാതെ ജല വിതരണം തുടരാൻ സാധിക്കില്ലെന്ന് വന്നതോടെയാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് രണ്ടിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ ചോർച്ച അടയ്ക്കൽ പ്രവൃത്തി നടന്നത്. ഗുരുതരമായ പ്രശ്നം നിലനിന്നിരുന്ന നെല്ലിക്കുന്ന് തെക്കുമ്പറം ഭാഗത്ത് ശനിയാഴ്ച രാത്രി ഏറെ വൈകി കനാൽ ബണ്ട് കോൺക്രീറ്റിംഗ് പ്രവൃത്തി പൂർത്തിയാക്കി. ജലപ്രവാഹത്തിൽ ബണ്ട് തകരാതിരിക്കാൻ മർദ്ദം കുറയ്ക്കുന്നതിനായി ഈ ഭാഗത്ത് പൈപ്പിടുകയും ചെയ്തു.

മാസങ്ങൾക്കുമുമ്പ് നെല്ലിക്കുന്ന് തെക്കുംപുറം ഭാഗത്ത് കനാലിന്റെ ബണ്ടിൽ വിള്ളൽ വരികയും ഒരു ഭാഗം അടർന്നു വീഴുകയും ചെയ്തിരുന്നു. വെള്ളം ലഭിക്കാത്തതിനെ തുടർന്ന് വ്യാപകമായി നെൽകൃഷി ഉണങ്ങുന്നെന്ന പരാതിയെ തുടർന്നാണ് കനാൽ തുറന്നത്. തുലാമഴ കിട്ടാതെ വന്നതോടെയാണ് നെൽകർഷകർ പ്രതിസന്ധിയിലായത്. മണ്ണാർക്കാട് താലൂക്കിന് പുറമേ ഒറ്റപ്പാലം താലൂക്കിലേയും ആയിരക്കണക്കിന് ഏക്കർ നെൽകൃഷിയാണ് വെള്ളമില്ലാത്തതിനാൽ ഉണക്കുഭീഷണി നേരിടുന്നത്.

പ്രധാന കനാലിലൂടെ വെള്ളം വിട്ടെങ്കിലും തച്ചമ്പാറ പഞ്ചായത്തിലെ ചൂരിയോട് പാടത്ത് വെള്ളമെത്താൻ സബ് കനാൽ തുറന്നു വിടണം. ചൂരിയോട് പാടത്ത് എത്രയും പെട്ടെന്ന് വെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തച്ചമ്പാറ വികസന വേദി ആവശ്യപ്പെട്ടു.