ele

പാലക്കാട്: വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ ഭരണം നിലനിറുത്താനും പിടിച്ചെടുക്കാനും മുന്നണികൾ പോരാട്ടം ശക്തമാക്കി. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എ.യും തികഞ്ഞ ആവശത്തിലാണ് പ്രചാരണ രംഗത്തുള്ളത്. പുതുമുഖ സ്ഥാനാർത്ഥികളെയാണ് മൂന്ന് മുന്നണികളും അങ്കത്തത്തട്ടിലിറക്കിയത്.

മുൻ ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവർത്തനം ജനങ്ങളിലേക്ക് എത്തണമെങ്കിൽ നിലവിലെ ഭരണം വീണ്ടും തുടരണമെന്നാണ് ഇടതുമുന്നണി വോട്ടർമാരുടെ മുന്നിൽ പ്രചാരണ വിഷയമായി പ്രധാനമായും നിരത്തുന്നത്. അതേ സമയം പഞ്ചായത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടി 15 വർഷം മുമ്പ് നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമം. കഴിഞ്ഞ തവണ നേടിയ നാലിൽ നിന്ന് കൂടുതൽ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. എല്ലാ വാർഡുകളിലും മുന്നണികളെല്ലാം കുടുംബയോഗങ്ങൾ പൂർത്തിയാക്കി. സ്ഥാനാർത്ഥികൾ രണ്ടും മൂന്നും തവണ വോട്ടഭ്യർത്ഥിച്ച് വീടുകൾ കയറിയിറങ്ങി.

ഇടതുവലതു മുന്നണികൾ രണ്ടുവീതം വാർഡുകളിൽലും ഒരുപോലെ വിമതശല്യം നേരിടുന്നു. ആനക്കല്ല് രണ്ടാം വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ വിമത സ്വരമുയർത്തി കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് സാലി വർഗീസ് മത്സരിക്കുന്നു. മുൻ പ്രസിഡന്റ് മത്സരിക്കുന്ന ഒമ്പതാം വാർഡിലും വിമതശല്യം ഒഴിവാക്കാനായില്ല. മൂന്നാം വാർഡായ അയ്യപ്പൻപ്പൊറ്റയിലും ആറാംവാർഡ് വാരണിയും യു.ഡി.എഫ് വിമത ഭീഷണി നേരിടുന്നു.