
പാലക്കാട്: കൊവിഡ് വ്യാപന ഭീതി നിലനിൽക്കുമ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ ഭൂരിഭാഗം ആളുകളും കൊവിഡിനെ മറന്ന മട്ടാണ്. പ്രചാരണത്തിനായി ഇറങ്ങുന്ന നേതാക്കളും സ്ഥാനാർത്ഥികളും അണികളും കൊവിഡ് മാനദണ്ഡം തോന്നിയ പോലെയാണ് പാലിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ ഒരിടത്തും കാണാൻ കഴിയില്ല. മാസ്കാണെങ്കിൽ കൈയിലോ കഴുത്തിലോ കണ്ടാലായി. വീടുകൾ കയറിയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ടഭ്യർത്ഥനയ്ക്കിടയിലും സ്ലിപ്പ് നൽകുമ്പോഴും മാനദണ്ഡങ്ങൾ വിസ്മരിക്കപ്പെടുന്നു.
കൈ കഴുകൽ, സാനിറ്റൈസർ ഉപയോഗം എന്നിവ അപൂർവമായി. മാനദണ്ഡം ലംഘിക്കുന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കുമെന്ന ബോധം ആർക്കുമില്ല. നിലവിൽ പൊലീസിന്റെ നേതൃത്വത്തിൽ മാത്രമാണ് മാസക് ധരിക്കാത്തവരെ കണ്ടെത്തുന്ന പരിശോധന. ഒക്ടോബർ വരെ ജില്ലാ കളക്ടർ നിയോഗിച്ച വിവിധ വകുപ്പ് ജീവനക്കാരുടെ സംഘം പഞ്ചായത്തുകൾ തോറും പരിശോധന നടത്തിയിരുന്നു. ഇവരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലായതോടെ പരിശോധനയില്ലാതായി. ഇതോടെ നടപടിയും കുറഞ്ഞു. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ജില്ലയിൽ ദിനംപ്രതി ശരാശരി 200 കേസുകൾ എടുത്തിരുന്നിടത്ത് നിലവിൽ 50 എണ്ണമാണ് റിപ്പോർട്ട് ചെയ്യുന്നത്. നവംബറിൽ 8626 കേസാണെടുത്തിട്ടുള്ളത്. ഈ മാസം ആറ് ദിവസത്തിനുള്ളിൽ 900 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.
മാസം- കേസ്
സെപ്തംബർ- 13310
ഒക്ടോബർ- 15079
നവംബർ- 8626
ഡിസംബർ (ആറുവരെ)- 900
ജില്ലയിൽ അതത് സ്റ്റേഷൻ പരിധി കേന്ദ്രീകരിച്ച് പരിശോധന തുടരുന്നുണ്ട്. നിയമ ലംഘനം കണ്ടാൽ കേസെടുത്ത് കോടതിയിൽ പിഴയടയ്ക്കാൻ നോട്ടീസ് നൽകും. കൂടാതെ ആളുകളെ മാസ്ക് ധരിക്കേണ്ട ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്.
-എസ്.പി ഒാഫീസ്, പാലക്കാട്.