
കുത്തനൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കുത്തനൂർ എഴാം വാർഡ് പ്രാരുകാടിൽ നിന്ന് ജനവിധി തേടുകയാണ് വാർഡിന്റെ 'എഴൈതോഴൻ' പി.ടി.സഹദേവൻ. മണ്ഡലം കോൺഗ്രസിന്റെ ഗോഡ് ഫാദർമാരായിരുന്ന അന്തരിച്ച ആർ.കെ.സുകുമാരൻ, പി.വി.ഭാസ്കരൻ എന്നിവരുടെ കൈപിടിച്ച് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മൂവർണ്ണക്കൊടി വാനിലുയർത്തിയാണ് സഹദേവന്റെ രാഷ്ട്രീയ പ്രവേശനം.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ ബൂത്ത് പ്രസിഡന്റ്, കോൺഗ്രസ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ മണ്ഡലം പ്രസിഡന്റ്. 2010-15ൽ കന്നിയങ്കം കുറിച്ച സഹദേവൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് പഞ്ചായത്ത് ഭരണസമിതിയിലെത്തി നാടിന്റെ വികസനത്തിന് മുൻകൈയെടുത്തു. പഞ്ചായത്ത് മുതൽ കേന്ദ്രം വരെയുള്ള വിവിധ പദ്ധതികളിൽ നിന്ന് അർഹതപ്പെട്ടവർക്ക് സഹായം വാങ്ങികൊടുക്കുന്നതിൽ മുൻപന്തിയിലാണ് സഹദേവൻ. ഇതോടെ ഏഴാം വാർഡിന്റെ 'എഴൈതോഴൻ" എന്ന വിശേഷണവും ലഭിച്ചു.
2015ൽ വനിതാ സംവരണമായപ്പോൾ മത്സരിച്ചില്ല. എങ്കിലും നാടിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം സജീവ സാന്നിദ്ധമായിരുന്നു. വാർഡിലെ വോട്ടർമാരെ കാണുന്നതിന് പുറമെ 16 വാർഡിലെയും സ്ഥാനാർത്ഥികൾ, രണ്ട് ബ്ലോക്ക്, ഒരു ജില്ലാ സ്ഥാനാർത്ഥി എന്നിവരുടെയും പ്രചാരണ രംഗം സജീവമാക്കി നിറുത്തുന്നു സഹദേവൻ. ഭാര്യ ശോഭനയും മക്കളായ അർജുനും മീനാക്ഷിയും പൂർണ്ണ പിന്തുണയേകുന്നു.
എൽ.ഡി.എഫിൽ നിന്ന് പത്മനാഭനും ബി.ജെ.പിയുടെ നിമേഷും എ.ഐ.ഡി.എം.കെയിൽ നിന്ന് ആറുമുഖനും വാർഡിൽ ജനവിധി തേടുന്നു.